മറുനാടന്‍ മലയാളികള്‍ക്കായി പച്ചക്കറികളും ചിപ്‌സുമായി ഡല്‍ഹിയിലേക്കു ട്രെയിന്‍ സര്‍വീസ്

പാലക്കാട്: ചരക്ക്, പാഴ്‌സല്‍ ട്രെയിനുകള്‍ക്ക് പുറമെ, എറണാകുളം-ഡല്‍ഹി മംഗള എക്‌സ്പ്രസില്‍ ഡല്‍ഹിയിലേക്കു പച്ചക്കറികളും ചിപ്‌സും എണ്ണയുമായി ചരക്ക് സര്‍വീസ് തുടങ്ങി. മത്സ്യ ഉല്‍പന്നങ്ങളും എത്തിക്കും. പുതിയ നടപടിക്ക് കര്‍ഷകര്‍, മേഖലയിലുള്ള ഏജന്‍സികളില്‍ നിന്നും മികച്ചപ്രതികരണമാണ് ലഭിക്കുന്നതെന്ന് പാലക്കാട് റെയില്‍വേ ഡിവിഷന്‍ സീനിയര്‍ കൊമേഴ്‌സ്യല്‍ മനേജര്‍ ജെറിന്‍ ജി. ആനന്ദ് പറഞ്ഞു. കൊങ്കണ്‍പാതയില്‍ രത്‌നഗിരിയില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്നു മുടങ്ങിയ നേത്രാവതി, രാജധാനി എക്‌സ്പ്രസുകള്‍ അടുത്തദിവസം പുനരാരംഭിക്കുമ്പോള്‍ മുംബൈയിലേക്കും ഉല്‍പന്നങ്ങള്‍ എത്തിക്കാനാകും.

ഡല്‍ഹി, മുംബൈയിലും എത്തുന്ന സാധനങ്ങള്‍ മറ്റു പ്രധാന ടൗണുകളിലേക്കും ട്രെയിന്‍വഴി എത്തിക്കുന്നതും റെയില്‍വേയുടെ പരിഗണനയിലാണ്. ദീര്‍ഘദൂര യാത്രാ ട്രെയിനുകളില്‍ നിലവിലുളള സ്റ്റോപ്പുകളില്‍ എവിടെ നിന്നും ഉല്‍പന്നങ്ങള്‍ കയറ്റാം. റോഡുവഴിയുള്ള ചരക്കുനീക്കത്തേക്കാള്‍ സുരക്ഷിതത്വവും ചെലവ് കുറവും റെയില്‍വേ ഉറപ്പുനല്‍കുന്നു.

മംഗളയില്‍ ഗാര്‍ഡ് മുറിയോടു ചേര്‍ന്ന എസ്എല്‍ആറില്‍ 12 ടണ്‍ കയറ്റാനാകും. കൂടാതെ 23 ടണ്‍ പാഴ്‌സല്‍വാന്‍ പ്രത്യേകം ഘടിപ്പിച്ചിട്ടുണ്ട്. എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍, മംഗളൂരു സ്റ്റോപ്പുകളില്‍നിന്ന് ഉല്‍പന്നങ്ങള്‍ കയറ്റാനാകും. ചരക്കുകടത്തില്‍നിന്നു വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ചരക്കുട്രെയിനുകളുടെ വേഗം മണിക്കൂറില്‍ 30 കിലോമീറ്ററില്‍ നിന്നു 45 കിലോമീറ്ററാക്കി വര്‍ധിപ്പിച്ചു.

ഗോതമ്പ്, അരി. പെട്രോളിയം, സിമന്റ് എന്നിവ കൂടാതെ ചക്കയും, പൈനാപ്പിളും പച്ചക്കറികളും ഏത്തക്കുലകളും അടക്കയും റബറും നേരത്തേ മുതല്‍ വിപണിയിലെത്തിക്കാന്‍ റെയില്‍വേ പ്രത്യേക പാഴ്‌സല്‍ സംവിധാനം ആരംഭിച്ചു. കുറഞ്ഞത് 200 കിലോമീറ്റര്‍ ദൂരേക്കുള്ളവയാണ് ഇങ്ങനെ കൊണ്ടുപോകുന്നത്.

Top