കൊച്ചി : മംഗളൂരു, നാഗർകോവിൽ ഏറനാട് എക്സ്പ്രസും തിരുനെൽവേലി, പാലക്കാട് പാലരുവി എക്സ്പ്രസും സ്പെഷൽ സർവീസായി പുനരാരംഭിക്കുന്നു. മംഗളൂരു, നാഗർകോവിൽ ഏറനാട് സ്പെഷൽ മംഗളൂരുവിൽനിന്ന് ഈ മാസം 6നും നാഗർകോവിലിൽനിന്ന് 7നും സർവീസ് ആരംഭിക്കും.പാലരുവിയുടെ തിരുനെൽവേലിയിൽനിന്നുള്ള സർവീസ് 4നും പാലക്കാട്നിന്നുള്ളതു 5നും ആരംഭിക്കും.
തിരുനെൽവേലിയിൽനിന്നു രാത്രി 11.25ന് പുറപ്പെടുന്ന ട്രെയിൻ (06791) പിറ്റേന്ന് ഉച്ചയ്ക്കു 12.50നു പാലക്കാട് എത്തും. മടക്ക ട്രെയിൻ (06792) പാലക്കാട്നിന്നു വൈകിട്ട് 4.05ന് പുറപ്പെട്ടു പിറ്റേന്ന് രാവിലെ 4.55ന് തിരുനെൽവേലിയിലെത്തും. തെങ്കാശി, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ വഴിയാണു സർവീസ്.ഒപ്പം എറണാകുളം– ബെംഗളൂരു ഇന്റർസിറ്റി 8 മുതൽ സർവീസ് ആരംഭിക്കും. രാവിലെ 9.10ന് എറണാകുളത്തു നിന്നു പുറപ്പെടുന്ന ട്രെയിൻ രാത്രി 7.18ന് ബെംഗളൂരുവിൽ എത്തും. ബെംഗളൂരു–എറണാകുളം ഇന്റർസിറ്റി 9 മുതൽ സർവീസ് തുടങ്ങും. രാവിലെ 6.22ന് ബെംഗളൂരുവിൽ നിന്നു പുറപ്പെട്ടു വൈകിട്ട് 4.55ന് എറണാകുളത്ത് എത്തും.