2016ല്‍ റിലീസ് ചെയ്ത സൂപ്പര്‍ഹിറ്റ് കൊറിയന്‍ സോംബി ചിത്രമാണ് ട്രെയിന്‍ ടു ബുസാന്‍. 150ലധികം രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്തത്. 11.5 ദശലക്ഷത്തിലധികം സിനിമാ പ്രേമികളെ ഈ ചിത്രം ആകര്‍ഷിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘പെനിന്‍സുല’ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് അണിയറപ്രവര്‍ത്തകര്‍.
ആദ്യ ഭാഗം ഒരുക്കിയ യോന്‍ സങ് ഗോ തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവും ഒരുക്കുന്നത്. ദക്ഷിണ കൊറിയന്‍ സോംബി ചിത്രമാണ് പെനിന്‍സുല. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയിട്ടുണ്ട്. 1.31 മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന കിടിലന്‍ ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്.
ഒരു വീണ്ടെടുക്കല്‍ ദൗത്യത്തില്‍ ഒരു സംഘം ആക്രമണത്തിന് വിധേയരാകുന്നതിലൂടെയാണ് ചിത്രത്തിന്റെ കഥ ആരംഭിക്കുന്നത്. ട്രെയിന് ടു ബുസാനില്‍ കഥ അവസാനിച്ചിടത്ത് നിന്ന് തന്നെയാണ് രണ്ടാം ഭാഗവും ആരംഭിക്കുന്നത്. രണ്ടാം ഭാഗത്തില്‍ ഡോങ് വോന്‍, ജുങ് ഹ്യുന്‍ എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തുന്നത്.
അതേസമയം ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങളുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ലെന്നും ഇത് പറയുന്നത് മറ്റൊരു കഥയാണെന്നും സംവിധായകന്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. 62 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.