തിരുവനന്തപുരം: ഗുജറാത്ത് മോഡല്‍ മാതൃകയില്‍ കുടുംബശ്രീയിലെ പശുസഖിമാര്‍ക്ക് പരിശീലനം നല്‍കാന്‍ ഒരുങ്ങി കേരളം. കന്നുകാലി പരിപാലനത്തിന് അടിസ്ഥാനപരിശീലനം ലഭിച്ച കുടുംബശ്രീ അംഗങ്ങളെയാണ് പശുസഖിമാര്‍ എന്നുവിളിക്കുന്നത്.
ഗ്രാമപ്രദേശങ്ങളില്‍ പശുവളര്‍ത്തല്‍ വ്യാപിപ്പിക്കുന്നതിനും ക്ഷീരോത്പാദനം വര്‍ധിപ്പിക്കുന്നതിനുമുള്ള ഉന്നതതല പരിശീലനമാണ് മൃഗസംരക്ഷണവകുപ്പ് പശുസഖിമാര്‍ക്ക് നല്‍കുന്നത്. ഗുജറാത്തിലെ നാഷണല്‍ ഡയറി ഡിവലപ്‌മെന്റ് ബോര്‍ഡില്‍ നിന്ന് ‘മാസ്റ്റര്‍ ട്രെയിനേഴ്‌സ്’ പരിശീലനം ലഭിച്ച 40 വെറ്ററിനറി ഡോക്ടര്‍മാരുടെ നേതൃത്വത്തിലായിരിക്കും പരിശീലനം. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികസഹായത്തോടെ മൃഗസംരക്ഷണവകുപ്പും കുടുംബശ്രീയും സംയുക്തമായാണ് പദ്ധതി നടത്തുന്നത്. 2000 പശുസഖിമാര്‍ക്ക് പരിശീലനം നല്‍കി പഞ്ചായത്തുതലത്തില്‍ നിയമിക്കും.
റേഷന്‍ കമ്പ്യൂട്ടിങ്ങിലൂടെ കന്നുകാലികളുടെ സമീകൃതാഹാരം സംബന്ധിച്ചുള്ള ബോധവത്കരണം, മൃഗങ്ങളുടെ രോഗപ്രതിരോധകുത്തിവെപ്പ്, കന്നുകാലികളുടെ പ്രസവം, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക വായ്പകള്‍ എന്നിവ സംബന്ധിച്ചുള്ള ബോധവത്കരണവും സാങ്കേതിക പരിശീലനവും പശുസഖിമാരിലൂടെ കര്‍ഷകര്‍ക്ക് നല്‍കും. ഇ-ഗോപാല ആപ്പിന്റെ സേവനം പ്രയോജനപ്പെടുത്തി ഓരോ കര്‍ഷകന്റെയും വീട്ടില്‍ ലഭ്യമായ അസംസ്‌കൃതവസ്തുക്കള്‍ ഉപയോഗിച്ച് പോഷകസമൃദ്ധമായ ഭക്ഷണം തയ്യാറാക്കുന്നതെങ്ങനെയെന്നതടക്കം പശുസഖിമാരെ പരിശീലിപ്പിക്കും. ഇവരിലൂടെ കര്‍ഷകരിലേക്ക് വളരെവേഗം മൃഗസംരക്ഷണസേവനം ലഭിക്കും.