മുംബൈ: ചാനല്‍ നിരക്കുകള്‍ വീണ്ടും കുറച്ച് ട്രായ്(ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ). ഉപഭോക്താക്കളുടെ പരാതി പരിഹരിക്കാനാണ് ട്രായ് പുതിയ നിരക്കുമായി രംഗത്തെത്തിയിരിക്കുന്നത്. നിരക്കില്‍ ഭേതഗതി വരുത്തിയതോടുകൂടി 160 രൂപയാണ് ഇനി എല്ലാ സൗജന്യ ചാനലും കാണാന്‍ ഈടാക്കുന്നത്.
പുതിയ മാറ്റത്തോടെ 200 ചാനലുകള്‍ ഉപയോക്താവിന് തിരഞ്ഞെടുക്കാം. മാര്‍ച്ച് ഒന്നുമുതലാണ് ഈ ഉത്തരവ് പ്രാബല്യത്തില്‍വരുന്നത്. നേരത്തേ 100 ചാനല്‍ കാണുന്നതിന് 130 രൂപയും നികുതിയും ഉള്‍പ്പെടെ 153.40 രൂപ നല്‍കണമായിരുന്നു. എന്നാല്‍ പുതിയ മാറ്റം വന്നതോടെ 153 രൂപയ്ക്ക് 200 സൗജന്യ ചാനല്‍ ഇനി മുതല്‍ ലഭ്യമാകും. മുമ്പ് 25 ദൂരദര്‍ശന്‍ ചാനലുകളടക്കം നൂറുചാനലായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. അപ്പോള്‍ ഉപഭോക്താവിന് തിരഞ്ഞെടുക്കാന്‍ പറ്റിയിരുന്നത് 75 ചാനലുകള്‍ മാത്രമായിരുന്നു. പുതിയ മാറ്റത്തോടെ 200 ചാനലുകള്‍ ഇനി തിരഞ്ഞെടുക്കാം.
ബൊക്കെയില്‍ (ഒന്നിച്ച് തരുന്ന) വരുന്ന പേ ചാനലുകളുടെ നിരക്ക് ഓരോന്നുമെടുത്ത് മൊത്തത്തില്‍ കൂട്ടിയാല്‍ ബൊക്കെ നിരക്കിന്റെ ഒന്നരമടങ്ങില്‍ കൂടാന്‍ പാടില്ലെന്നും ട്രായ് നിഷ്‌കര്‍ഷിക്കുന്നു. ബൊക്കെയില്‍ നല്‍കുന്ന സ്‌പോര്‍ട്സ് ചാനലുകള്‍ക്കും മറ്റും വിലകുറച്ച് അവ ഒറ്റയ്ക്ക് നല്‍കുമ്പോള്‍ വലിയ നിരക്ക് ഈടാക്കുന്നത് തടയാനാണിത്. പുതിയ ഉത്തരവ് കഴിഞ്ഞ ഫെബ്രുവരിയില്‍ നടപ്പായതോടെ ഉപഭോക്താക്കളുടെ മാസവരിസംഖ്യ കുത്തനെ കൂടിയിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ പരാതി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തിരുത്തലുകളുമായി ട്രായ് രംഗത്തെത്തിയത്.