ആരാധനാലയങ്ങളിലെ സംഭാവന പെട്ടിയിലൂടെ ചാര സംഘടനയുടെ പണ കൈമാറ്റം

ജയ്പൂര്‍: പാക്ക് ചാര സംഘടനയായ ഐഎസ്‌ഐ ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു പണം കൈമാറുന്നത് ആരാധനാലയങ്ങളിലെ സംഭാവന പെട്ടിയിലൂടെ.

നേരത്തേ, ഹവാല ശൃംഖല വഴിയായിരുന്നു ഐഎസ്‌ഐ പണം അയച്ചിരുന്നത്. എന്നാല്‍ ഈ മാര്‍ഗത്തില്‍ പണത്തിന്റെ സ്രോതസ്സ് കണ്ടെത്താന്‍ എളുപ്പമാണ്.

സംഭാവനപ്പെട്ടികള്‍ വഴി പണം ഇടാനും മറ്റു ചാരന്മാര്‍ക്ക് എത്തിക്കാനും പ്രയാസമില്ലാത്തതാണ് ഈ മാര്‍ഗത്തിലേക്കു തിരിയാന്‍ ഐഎസ്‌ഐ തീരുമാനിച്ചതെന്നാണു വിവരം.

ബാര്‍മര്‍ ജില്ലയിലെ ഒറ്റപ്പെട്ട ഗ്രാമത്തില്‍നിന്നു കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്ത ഐഎസ്‌ഐ ചാരന്‍ ദീന ഖാനെ ചോദ്യം ചെയ്തപ്പോഴാണ് പണവിതരണത്തില്‍ ചാര സംഘടനയുടെ പുതിയ മാര്‍ഗങ്ങളെക്കുറിച്ചു വ്യക്തമായത്.

രാജസ്ഥാനിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ പൊടുന്നനെയാണ് ആരാധനാലയങ്ങളും സംഭാവനപ്പെട്ടികളും സ്ഥാപിക്കപ്പെട്ടത്.

ഇതില്‍ സംശയം തോന്നി അന്വേഷിച്ചപ്പോഴാണ് ഐഎസ്‌ഐയുടെ പങ്ക് കണ്ടെത്തിയതെന്നു രാജസ്ഥാന്‍ ഡപ്യൂട്ടി ഐജി ആര്‍. സുഹാസ്സ അറിയിച്ചു.

Top