നാഗ്‍പുർ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രത്തിനൊപ്പം സെല്‍ഫിയെടുക്കാനായി റെയില്‍വേ സ്റ്റേഷനുകളില്‍ സജ്ജമാക്കിയ ‘മോദി സെല്‍ഫി പോയിന്റുകള്‍’ക്കായി ചെലവാകുന്ന തുക വെളിപ്പെടുത്തിയ റെയില്‍വേ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. മധ്യ റെയില്‍വേയിലെ ചീഫ് പബ്ലിക് റിലേഷന്‍ ഓഫീസര്‍ (സി.പി.ആര്‍.ഒ) ശിവരാജ് മനസ്പുരെയെയാണ് ഡിസംബര്‍ 29-ന് അകാരണമായി സ്ഥലം മാറ്റിയത്. എങ്ങോട്ടാണ് സ്ഥലം മാറ്റമെന്നോ സ്ഥലം മാറ്റത്തിന് കാരണമെന്താണെന്നോ അറിയിക്കാതെയായിരുന്നു നടപടിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
റെയില്‍വേ സ്റ്റേഷനുകളില്‍ സജ്ജമാക്കിയ 3-ഡി സെല്‍ഫി പോയിന്റുകളേക്കുറിച്ചുള്ള വിവരാവകാശ അപേക്ഷയ്ക്ക് നൽകിയ മറുപടിയിലാണ് ഇവയ്ക്ക് ചെലവായ തുക സംബന്ധിച്ച് ശിവരാജ് മനസ്പുരെ വെളിപ്പെടുത്തൽ നടത്തിയത്.
കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി രണ്ടാഴ്ചയ്ക്കുള്ളിലാണ് ശിവരാജിനെ സ്ഥലം മാറ്റിയത്. സീനിയര്‍ ഡിവിഷണല്‍ കൊമേഴ്‌സ്യല്‍ മാനേജരായിരിക്കെ വരുമാനം വര്‍ധിപ്പിക്കാനുള്ള പരിശ്രമങ്ങള്‍, ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെ പിടിക്കാന്‍ നടത്തിയ ശ്രമങ്ങള്‍, മോഷണങ്ങള്‍ തടയാന്‍ നടത്തിയ ശ്രമങ്ങള്‍ എന്നിവ പരിഗണിച്ചാണ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചത്.
രാജ്യത്തെ നിരവധി റെയില്‍വേ സ്റ്റേഷനുകളില്‍ മോദി സെല്‍ഫി പോയിന്റുകള്‍ സജ്ജമാക്കിയിട്ടുണ്ട്. അമരാവതിയില്‍ നിന്നുള്ള സാമൂഹ്യപ്രവര്‍ത്തകനായ അജയ് ബോസാണ് വിവരാവകാശ അപേക്ഷ നല്‍കി സെല്‍ഫി പോയിന്റുകള്‍ക്ക് ചെലവായ തുക പുറംലോകത്തെ അറിയിച്ചത്. മധ്യ റെയില്‍വേ, പശ്ചിമ റെയില്‍വേ, ദക്ഷിണ റെയില്‍വേ, ഉത്തര റെയില്‍വേ, ഉത്തര-പശ്ചിമ റെയില്‍വേ എന്നീ അഞ്ച് റെയില്‍വേ സോണുകളില്‍ ഇദ്ദേഹം വിവരാവകാശ അപേക്ഷ നല്‍കിയിരുന്നു.
റെയില്‍വേ ഡിവിഷനുകളില്‍ നിന്ന് 187 സെല്‍ഫി പോയിന്റുകളെ കുറിച്ചുള്ള വിവരങ്ങളാണ് അജയ് ബോസിന് ലഭിച്ചത്. ഇതില്‍ നൂറിലേറെ പോയിന്റുകളും ഉത്തര റെയില്‍വേ സോണിന്റെ പരിധിയിലാണ്. എന്നാല്‍, മധ്യ റെയില്‍വേ ഒഴികെ മറ്റൊരു ഡിവിഷനും സെല്‍ഫി പോയിന്റുകള്‍ക്ക് ചെലവായ തുക എത്രയാണെന്ന് വെളിപ്പെടുത്തിയിരുന്നില്ല.
മധ്യറെയില്‍വേ സോണിന്റെ പരിധിയിലെ 30 റെയില്‍വേ സ്റ്റേഷനുകളില്‍ താല്‍ക്കാലിക സെല്‍ഫി പോയിന്റുകളും 20 സ്റ്റേഷനുകളില്‍ സ്ഥിരമായ സെല്‍ഫി പോയിന്റുകളുമാണ് സജ്ജമാക്കിയത്. താല്‍ക്കാലിക സെല്‍ഫി പോയിന്റ് ഒന്നിന് 1.25 ലക്ഷം രൂപയും സ്ഥിരം സെല്‍ഫി പോയിന്റ് ഒന്നിന് 6.25 ലക്ഷം രൂപയുമാണ് ചെലവായ തുക. നികുതികള്‍ കൂടാതെയുള്ള തുകയാണ് ഇത്.