വിവാഹ ചടങ്ങിനിടെ ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ചു ; 14 മരണം

Bomb blast

ജയ്പൂര്‍: വിവാഹ ചടങ്ങിനിടെ ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ച് സ്ത്രീകളും കുട്ടികളുമടക്കം 14 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്.

രാജസ്ഥാനിലെ സഹാപുര ടൗണിലെ ഖാട്ടുലായ് ഗ്രാമത്തില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഗ്രാമത്തെ നടുക്കിയ സംഭവം നടന്നത്.

വിവാഹ പാര്‍ട്ടിയുടെ ഘോഷയാത്ര കടന്നുപോകുന്നതിനിടെയാണ് റോഡരികിലെ ട്രാന്‍സ്‌ഫോര്‍മര്‍ വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. പലരും മീറ്ററുകള്‍ക്കപ്പുറമാണ് തെറിച്ചു വീണത്.

സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേരാണ് വിവാഹ ഘോഷയാത്രയിലുണ്ടായിരുന്നത്. എട്ട് പേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു, ബാക്കിയുള്ളവര്‍ എസ്എംഎസ് ആശുപത്രിയിലാണ് മരിച്ചത്.

എന്നാല്‍, ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിക്കാനിടയായ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവമറിഞ്ഞ് വൈദ്യുത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

മുഖ്യമന്ത്രി വസുന്ധരാ രാജെ എസ്എംഎസ് ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചിരുന്നു.

അപകടത്തില്‍ മരണപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ച മുഖ്യമന്ത്രി, പരിക്കേറ്റവര്‍ക്ക് ചികിത്സാ സഹായം നല്‍കുമെന്നും അറിയിച്ചു.

സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിനും മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.

Top