കൊച്ചി: സംസ്ഥാനത്ത് വെള്ളപ്പൊക്കത്തില്‍ നശിച്ച വാഹന ഉടമകള്‍ക്ക് കൂടുതല്‍ അലയേണ്ടിവരില്ലെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കെ. പദ്മകുമാര്‍. ഉടമസ്ഥര്‍ക്ക് നഷ്ടപ്പെട്ട രേഖകള്‍ പുതുക്കി നല്‍കുന്നതിന് എല്ലാ ആര്‍ടിഒ ഓഫീസുകളിലും സൗകര്യങ്ങളൊരുക്കുമെന്നും പദ്മകുമാര്‍ അറിയിച്ചു.
ആര്‍ടിഒ ഓഫീസില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത് മുതല്‍ ഫിറ്റ്‌നസ് പുതുക്കുന്നതിനും പെര്‍മിറ്റ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുമടക്കമുള്ള നിയമനടപടികള്‍ക്ക് എല്ലാ സഹായവും ഉറപ്പാക്കും. പ്രളയബാധിതര്‍ക്ക് മാസങ്ങള്‍ നീളുന്ന പതിവ് നിയമനടപടികളുമായി അലയേണ്ട സാഹചര്യം ഉണ്ടാകില്ലെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പറഞ്ഞു.
കമ്പനികളുമായി ചര്‍ച്ച നടത്തി കേടായ വാഹനങ്ങള്‍ക്ക് പരമാവധി ഇന്‍ഷൂറന്‍സ് തുക ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും തിരുവോണ ദിനത്തിലടക്കം ആര്‍ടിഒ ഓഫീസുകളില്‍ സേവനം ഉറപ്പാക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഓര്‍മ്മപ്പെടുത്തി.