തിരുവനന്തപുരം: സംസ്ഥാന ഗതാഗത കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് ടോമിന്‍ ജെ തച്ചങ്കരിയെ മാറ്റി.
ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ പരാതിയെ തുടര്‍ന്നാണ് തീരുമാനം.പുതിയ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി എഡിജിപി ആനന്ദ് കൃഷ്ണന്‍ ചുമതല ഏല്‍ക്കും.
എന്‍.സി.പി. സംസ്ഥാന നേതൃത്വവും തച്ചങ്കരിയെ മാറ്റണമെന്ന ആവശ്യം പരസ്യമായി ഉന്നയിച്ചിരുന്നു.
വകുപ്പുമന്ത്രിയായ തന്നോട് ആലോചിക്കാതെ തച്ചങ്കരി സ്വന്തംനിലയില്‍ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നുവെന്നാണ് ശശീന്ദ്രന്‍ മുഖ്യമന്ത്രിക്കു മുന്നില്‍വെച്ച പ്രധാന ആരോപണം. തച്ചങ്കരിയുടെ പ്രവര്‍ത്തനം ഗതാഗതവകുപ്പിനെക്കുറിച്ച് ജനങ്ങളില്‍ മോശമായ കാഴ്ചപ്പാടുണ്ടാക്കുന്നുവെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
ഹെല്‍മെറ്റ് ധരിക്കാതെ എത്തുന്ന ഇരുചക്ര വാഹന ഉടമകള്‍ക്ക് ആഗസ്ത് ഒന്നുമുതല്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇന്ധനം ലഭിക്കില്ലെന്ന് തച്ചങ്കരി വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവ് താനറിയാതെയാണെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞത് വിവാദമായിരുന്നു.
ഉത്തരവ് ജനങ്ങളെ പീഡിപ്പിക്കുന്നതാണെന്നും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഉത്തരവുകള്‍ ഇറക്കും മുന്‍പ് സര്‍ക്കാരുമായി ആലോചിക്കണമായിരുന്നുവെന്നും അന്ന് മന്ത്രി പറഞ്ഞിരുന്നു.
ഇതുമായി ബന്ധപ്പെട്ടുണ്ടായ വിവാദം കത്തിനില്‍ക്കുന്നതിനിടെയായിരുന്നു തച്ചങ്കരിയുടെ ജന്മദിനത്തില്‍ ആര്‍.ടി. ഓഫീസുകളില്‍ മധുരം വിതരണം ചെയ്തത്. ഇതും കടുത്ത വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തിയതോടെയാണ് തച്ചങ്കരിയുമായി വകുപ്പിന് മുന്നോട്ട് പോവാനാവില്ലെന്ന് ശശീന്ദ്രന്‍ മുഖ്യമന്ത്രിയെ അറിയിച്ചത്.