Transport Minister A K Saseendran’S STATEMENT against Thachankary

തിരുവനന്തപുരം: ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരിയെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ വകുപ്പ് മന്ത്രിയോട് ആലോചിക്കാതെ തച്ചങ്കരി സ്വന്തം നിലയില്‍ മുന്നോട്ട് പോവുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ ആവശ്യം.

ഇത് കൂടാതെ എന്‍.സി.പി സംസ്ഥാന നേതൃത്വവും തച്ചങ്കരിയെ മറ്റണമെന്ന ആവശ്യം ഗതാഗത മന്ത്രിയെ അറിയിച്ചിരുന്നു. വെള്ളിയാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം ഇക്കാര്യം പരിഗണിക്കുമെന്നാണ് അറിയുന്നത്.

ഹെല്‍മെറ്റില്ലാത്തവര്‍ക്ക് പെട്രോള്‍ ഇല്ല എന്ന തീരുമാനമടക്കം തച്ചങ്കരിയെടുത്തത് വകുപ്പ് മന്ത്രിയോട് ആലോചിക്കാതെയാണെന്ന് മന്ത്രി പരസ്യമായി പറഞ്ഞിരുന്നു.

ഇതുമായി ബന്ധപ്പെട്ടുണ്ടായ വിവാദം കത്തിനില്‍ക്കുന്നതിനിടെയായിരുന്നു തച്ചങ്കരിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട് ആര്‍.ടി ഓഫീസുകളില്‍ മധുരം വിതരണം ചെയ്തത്.

ഇതും വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയതോടെയാണ് ഇങ്ങനെയുള്ള ഉദ്യോഗസ്ഥരുമായി വകുപ്പിന് മുന്നോട്ട് പോവാനാവില്ലെന്ന് എ.കെ ശശീന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചത്.

തച്ചങ്കരിയുടെ പ്രവര്‍ത്തനം, വകുപ്പിനെക്കുറിച്ച് ജനങ്ങളില്‍ മോശമായ കാഴ്ചപ്പാടുണ്ടാക്കുന്നുവെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

എന്നാല്‍ മുഖ്യമന്ത്രിയോട് ഏറെ അടുപ്പമുള്ള ഉദ്യോഗസ്ഥനാണ് തച്ചങ്കരി എന്നത് കൊണ്ട് തന്നെ ഏതെങ്കിലും ചട്ടലംഘന നടപടികള്‍ക്ക് പകരം പോലീസ് വകുപ്പിലേക്ക് തന്നെ തിരിച്ചെത്തിക്കുന്ന രീതിയിലായിരിക്കും പുതിയ തീരുമാനമെന്നാണ് വിലയിരിത്തുന്നത്.

ജന്മദിനാഘോഷം വിവാദമായതോടെ കോഴിക്കോട് മന്ത്രി പങ്കെടുത്ത ഒരു പൊതുപരിപാടിയില്‍ വെച്ച് ടോമിന്‍ ജെ തച്ചങ്കരി സംഭവത്തില്‍ ഖേദപ്രകടനം നടത്തിയിരുന്നു.

മധുരം വിതരണവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി ചീഫ് സെക്രട്ടറി വിജയാനന്ദിനോട് വിശദീകരണവും തേടിയിരുന്നു. ചീഫ് സെക്രട്ടറി തലസ്ഥാനത്ത് തിരിച്ചെത്തിയ ശേഷം തുടര്‍ നടപടികളുമായി മുന്നോട്ട് പോവാനായിരിക്കും ബന്ധപ്പെട്ടവരുടെ ശ്രമം.

Top