വിരമിച്ച ഉദ്യോഗസ്ഥർ വരെ പഠിക്കാനെന്ന് പറഞ്ഞ് യാത്രാ സൗജന്യം വാങ്ങുന്നു; ആന്റണി രാജു

തിരുവനന്തപുരം: വിദ്യാര്‍ഥി കണ്‍സെഷന് പ്രായപരിധി ഏര്‍പ്പെടുത്തുന്നതിനെ ന്യായീകരിച്ച് ഗതാഗത മന്ത്രി. വിരമിച്ച ഉദ്യോഗസ്ഥര്‍ വരെ പഠിക്കാനെന്ന് പറഞ്ഞ് യാത്രാ സൗജന്യം വാങ്ങുകയാണ്. ഇത് നിയന്ത്രിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് ആന്റണി രാജു തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാര്‍ഥികള്‍ കണ്‍സെഷനില്‍ ആശങ്കപ്പെടേണ്ടതില്ല. അര്‍ഹതയുള്ള എല്ലാവര്‍ക്കും യാത്രാ ഇളവ് ലഭിക്കും. അടുത്ത വര്‍ഷം ഓണ്‍ലൈനിലൂടെ കണ്‍സെഷന്‍ പാസ് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും ആന്റണി രാജു പറഞ്ഞു.

അതേസമയം വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധിപ്പിക്കണമെന്ന് സ്വകാര്യ ബസ്സുടമകളും ആവശ്യപ്പെട്ടു. കണ്‍സഷന്‍ ഭാരം സ്വകാര്യ ബസ്സുകള്‍ക്ക് മേല്‍ മാത്രം വയ്ക്കുന്നത് ശരിയല്ല. വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കുന്നതിന് സ്വകാര്യ ബസ്സുടമകള്‍ എതിരല്ല. എന്നാല്‍ നിരക്ക് വര്‍ധിപ്പിക്കുക തന്നെ വേണമെന്ന് കേരളാ ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (കെബിടിഎ) സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.

25 വയസിന് മുകളില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ നല്‍കില്ലെന്ന് കെഎസ്ആര്‍ടിസി അറിയിച്ചിരുന്നു. ആദായ നികുതി നല്‍കുന്ന രക്ഷിതാക്കളുള്ള കോളജ് വിദ്യാര്‍ഥികള്‍ക്കും പുതിയ മാര്‍ഗനിര്‍ദേശ പ്രകാരം യാത്രാ ഇളവുണ്ടാകില്ല. 2016 മുതല്‍ 2020 വരെ 966.51 കോടിയുടെ അധിക ബാധ്യത ഉണ്ടായ സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസി പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്.

ഈ തുക ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്.നിലവില്‍ കെഎസ്ആര്‍ടിസി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. വ്യാപകമായി അനുവദിച്ച് വരുന്ന സൗജന്യങ്ങള്‍ തുടരാന്‍ കഴിയില്ലെന്നും മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നുണ്ട്. കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകറിന്റേതാണ് നിര്‍ദ്ദേശം.

Top