ചൊവ്വാഴ്ച മുതല്‍ നടത്താനിരുന്ന സമരം പിന്‍വലിച്ചതായി കെഎസ്ആര്‍ടിസി

KSRTC

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ചൊവ്വാഴ്ച മുതല്‍ നടത്താനിരുന്ന സമരം പിന്‍വലിച്ചു. പിരിച്ചു വിട്ട 143 ജീവനക്കാരെ സംരക്ഷിക്കുമെന്ന് ഗതാഗതമന്ത്രി അറിയിച്ചിട്ടുണ്ട്.

സിംഗിള്‍ ഡ്യൂട്ടി പരിഷ്‌ക്കരണത്തിലെ അപാകതയും പരിശോധിക്കുന്നതാണ്. തൊഴിലാളികളുടെ അപേക്ഷ പരിഗണിച്ച് എംഡി തീരുമാനമെടുക്കുന്നതോടൊപ്പം മറ്റ് പ്രശ്‌നങ്ങളില്‍ 17ന് സെക്രട്ടറി തല ചര്‍ച്ച നടത്താനും തീരുമാനമായിട്ടുണ്ട്.

ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും സമരവുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ ഗതാഗതമന്ത്രിയുടെയും എംഡിയുടെയും നേതൃത്വത്തില്‍ തൊഴിലാളി സംഘടന നേതാക്കളുമായി ഇന്ന് ചര്‍ച്ച നടന്നിരുന്നു. ചര്‍ച്ചയ്ക്കു ശേഷമാണ് സമരം പിന്‍വലിച്ചതായി കെഎസ്ആര്‍ടിസി അറിയിച്ചത്.

പ്രളയശേഷം പുനരുദ്ധാരണ പ്രവര്‍ത്തനം നടക്കുന്ന വേളയില്‍ പണിമുടക്ക് അനുവദിക്കാനാവില്ലെന്നായിരുന്നു കോടതി നിരീക്ഷിച്ചത്. മാത്രമല്ല, ഒത്തുതീര്‍പ്പു ശ്രമങ്ങള്‍ തുടങ്ങിയെന്നു കരുതാവുന്ന സാഹചര്യമാണെന്നും കോടതി പറഞ്ഞിരുന്നു. കെഎസ്ആര്‍ടിസി സര്‍വീസ് നിശ്ചലമാകുന്നതു പൊതുജനങ്ങളെ ബാധിക്കുമെന്നു കാണിച്ച് പാലായിലെ സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യുക്കേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയാണു ചീഫ് ജസ്റ്റിസുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞ ദിവസം പരിഗണിച്ചത്.

Top