വ്യാജ പോക്സോ കേസില്‍ കുടുക്കി; പെണ്‍കുട്ടിയുടെ കുടുംബവും സി.ഐയും പണം തട്ടാന്‍ ശ്രമിച്ചെന്ന് പരാതി

കാസര്‍കോട്: വ്യാജ പോക്സോ കേസില്‍ കുടുക്കി സി.ഐയും പെണ്‍കുട്ടിയുടെ കുടുംബവും പണം തട്ടാന്‍ ശ്രമിച്ചെന്ന് പരാതി. സംഭവത്തില്‍ സിഐയ്‌ക്കെതിരെ അന്വേഷണം. കാഞ്ഞങ്ങാട് സ്വദേശിയായ പ്രവാസിയുടെ പരാതിയില്‍ ഹോസ്ദുര്‍ഗ് സിഐകെ പി ഷൈനിനെതിരെയാണ് അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയത്.

മാസങ്ങള്‍ക്കുമുമ്പാണ് സംഭവങ്ങള്‍ക്കാസ്പദമായ കാര്യങ്ങള്‍ നടന്നത്. പ്രവാസി മലയാളിയായ യുവാവ് വിവാഹം കഴിക്കുന്നതിനായി കാസര്‍കോട് വിദ്യാനഗര്‍ സ്വദേശിനിയെ വീട്ടില്‍ച്ചെന്ന് പെണ്ണുകണ്ടു. തുടര്‍ന്ന് കല്യാണനിശ്ചയവും തീരുമാനിച്ചു. എന്നാല്‍ പെണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് ഔദ്യോഗിക രേഖകള്‍ പരിശോധിച്ചപ്പോള്‍ യുവാവിനും ബന്ധുക്കള്‍ക്കും ബോധ്യമായി. പെണ്‍കുട്ടി പഠിച്ചത് കര്‍ണാടയിലെ സ്‌കൂളിലാണെന്നും അവിടെനിന്നുമുള്ള ശരിയായ രേഖകള്‍ കാണിക്കാമെന്നും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ യുവാവിനെ അറിയിച്ചു.

എന്നാല്‍ ഇതില്‍ തൃപ്തരാവാഞ്ഞ യുവാവിന്റെ കുടുംബം വിവാഹത്തില്‍നിന്ന് പിന്മാറി. പിന്നീട് യുവാവ് മറ്റൊരു വിവാഹത്തിനും തയ്യാറായി. ഇതോടെ ആദ്യം വിവാഹം ഉറപ്പിച്ച പെണ്‍കുട്ടിയുടെ വീട്ടുകാര്‍ യുവാവിനെതിരെ രംഗത്തെത്തി. യുവതിയെ ഇയാള്‍ ഉപദ്രവിച്ചെന്നും പലയിടങ്ങളിലുംകൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും കുടുംബം ആരോപണമുന്നയിച്ചു. പെണ്‍കുട്ടിയുടെ വീട് നില്‍ക്കുന്ന പരിധിയിലെ പോലീസ് സ്റ്റേഷനല്ലാത്ത ഹോസ്ദുര്‍ഗ് സ്റ്റേഷനില്‍ കേസ് നല്‍കുമെന്നായിരുന്നു ഭീഷണി. 15 ലക്ഷം ആവശ്യപ്പെട്ട സംഘത്തിനെ സി ഐ സഹായിച്ചുവെന്നും പണം നല്‍കാന്‍ യുവാവിനെ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ ഇതിന് തയ്യാറാവാഞ്ഞ യുവാവ് എസ്.പിക്ക് പരാതി നല്‍കുകയായിരുന്നു. സി.ഐയെ കേസിന്റെ അന്വേഷണ ചുമതലയില്‍നിന്ന് മാറ്റിയിട്ടുമുണ്ട്. ഇയാള്‍ക്കെതിരെ മുമ്പും സമാനആരോപണങ്ങള്‍ ഉണ്ടായിരുന്നതായാണ് വിവരം.

Top