ചാലക്കുടിയില്‍ വെള്ളം താഴുന്നു; ധ്യാനകേന്ദ്രത്തില്‍ കുടുങ്ങിയ മറ്റുള്ളവര്‍ പുറത്തേക്ക് വരുന്നു

തൃശൂര്‍ : മഴയുടെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് ചാലക്കുടിയില്‍ വെള്ളം താഴുന്നു. ധ്യാനകേന്ദ്രത്തില്‍ കുടുങ്ങിയ മറ്റുള്ളവരെ പുറത്തേക്ക് കൊണ്ടുവരാനുള്ള രക്ഷാ പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. ചാലക്കുടിയിലും ആയിരങ്ങള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഭക്ഷണവും വെള്ളവുമില്ലാതെ മൂന്നാംദിവസമാണ് ഇവരിവിടെ കുടുങ്ങിയിരിക്കുന്നത്. ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ഒരടിയോളം താഴ്ന്നു. ഡാമുകളില്‍ സ്ഥിതി നിയന്ത്രണവിധേയമാണ്.

പ്രളയക്കെടുതി മൂലം ദുരിതത്തിലായിരുന്ന ആലുവയിൽ ജലനിരപ്പ് താഴ്ന്നു തുടങ്ങി. ചില ഭാഗങ്ങളിൽ റോഡ് ഗതാഗതം ആരംഭിച്ചു. ഇതുവഴി ഭക്ഷണവിതരണവും മറ്റും ആരംഭിച്ചു. പത്തനംതിട്ട റാന്നി മേഖലയിൽ നിന്നു ജനങ്ങളെ പൂർണമായി ഒഴിപ്പിച്ചു. എന്നാൽ വെള്ളക്കെട്ട് ഇതുവരെ മാറിയിട്ടില്ല.

അതേസമയം, പന്തളത്ത് വെള്ളം ഒഴിയുന്നില്ല. ഒഴുക്കും തുടരുകയാണെന്നാണ് റിപ്പോർട്ട്. ചെങ്ങന്നൂരിലെ രക്ഷാപ്രവര്‍ത്തനത്തിന് ഇതും തടസമാകുന്നു. ചെങ്ങന്നൂരിൽ 50 അംഗ നാവികസേന രക്ഷാപ്രവർത്തനത്തിനിറങ്ങി.

തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴ തുടരും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളില്‍ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.

ചെങ്ങന്നൂരിലും തിരുവല്ലയിലും ആറന്മുളയിലും കുത്തൊഴുക്കും രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നു. പ്രളയത്തിൽ ചെങ്ങന്നൂര്‍, തിരുവല്ല, ആറന്മുള മേഖലകളില്‍ സ്ഥിതി അതീവഗുരുതരമാണ്. ഭക്ഷണമില്ലാതെ ആയിരങ്ങള്‍ കുടുങ്ങിക്കിടക്കുന്നു. രോഗികളും ഗര്‍ഭിണികളും മരുന്നുപോലുമില്ലാതെ കുടുങ്ങിക്കിടക്കുകയാണ്. ചെങ്ങന്നൂരിലെ രക്ഷാപ്രവര്‍ത്തനത്തിനു സൈന്യം ഇറങ്ങണമെന്ന് മന്ത്രി ജി.സുധാകരന്‍ ആവശ്യപ്പെട്ടു.

Top