ദമാം: കേരളത്തിലുണ്ടായ പ്രളയത്തിലകപ്പെട്ട് യാത്രാ രേഖകള്‍ നഷ്ടമായ സ്‌കൂള്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇളവ് പ്രഖ്യാപിച്ച് ദമാം ഇന്ത്യന്‍ സ്‌കൂള്‍. വേനലവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുമ്പോള്‍ കൃത്യസമയത്ത് തിരിച്ചെത്താന്‍ സാധിക്കാത്തവര്‍ മുന്‍കൂട്ടി സ്‌കൂളിനെ അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. സൗദിയിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ വേനല്‍ അവധി കഴിഞ്ഞ് രണ്ടാം തീയതിയാണ് തുറക്കുന്നത്.
വേനല്‍ അവധി കഴിഞ്ഞ് രണ്ടിന് സ്‌കൂളുകള്‍ തുറക്കാനിരിക്കെ ഒരു ദിവസം മുമ്പ് അധ്യാപകരെല്ലാം സ്‌കൂളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് സ്‌കൂള്‍ ചട്ടത്തിലുള്ളത്.
പ്രളയ ബാധിതരായ രക്ഷിതാക്കള്‍ക്ക് വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ തുറക്കുന്ന ദിവസം ഹാജരാക്കാന്‍ സാധിക്കാത്ത പക്ഷം സ്‌കൂളിനെയോ ക്ലാസ് ടീച്ചറെയോ അറിയിക്കണമെന്നും സ്‌കൂള്‍ അതികൃതര്‍ അറിയിച്ചിട്ടുണ്ട്. സ്‌കൂളിന്റെ ഭാഗത്തു നിന്നുള്ള ഈ തീരുമാനം പതിനാറായിരം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളിലെ മലയാളി രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമാണ് ഗുണകരമാവുന്നത്.