ഇടുക്കി അടിമാലി മാങ്കുളത്ത് ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 4 ആയി. തേനി സ്വദേശി അഭിനേഷ് മൂർത്തിയാണ് മരിച്ചത്. അഭിനേഷിന്റെ ഒരു വയസുള്ള മകൻ അപകടത്തിൽ മരിച്ചിരുന്നു. തൻവിക് 1 വയസ്, തേനി സ്വദേശിയായ ഗുണശേഖരൻ (70), ഈറോഡ് സ്വദേശി പി കെ സേതു എന്നിവരാണ് അപകടത്തിൽ മരിച്ച മറ്റ് മൂന്ന് പേർ. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് അടിമാലി മാങ്കുളത്ത് ട്രാവലര്‍ 30 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് ദുരന്തമുണ്ടായത്.
തമിഴ്നാട്ടില്‍ നിന്നുള്ള വിനോദസഞ്ചാര സംഘമാണ് അപകടത്തില്‍ പെട്ടത്. മാങ്കുളത്ത് നിന്ന് ആനക്കുളത്തേക്ക് വരുന്ന വഴി കുവറ്റ് സിറ്റിക്ക് ശേഷമുള്ള ഒരു വളവിൽ വെച്ചാണ് ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞത്. നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ ക്രാഷ് ബാരിയർ തകർത്ത് 30 അടി താഴ്ചയിലേക്ക് ട്രാവലർ മറിയുകയായിരുന്നു. തമിഴ്നാട്ടിലെ സ്വകാര്യ പ്രഷർകുക്കർ കമ്പനിയിൽ നിന്നും ഉല്ലാസയാത്രയ്ക്ക് എത്തിയതായിരുന്നു ഇവർ. ആനന്ദ പ്രഷർ കുക്കർ കമ്പനിയിലെ ഫാമിലി ടൂർ ആയിരുന്നു ദുരന്തത്തിലവസാനിച്ചത്. കമ്പനിയിലെ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളുമാണ് വാഹനത്തിലുണ്ടായിരുന്നത്.
14 പേരാണ് ട്രാവലറിലുണ്ടായിരുന്നത്. അതില്‍ 11 പേര്‍ ആശുപത്രയില്‍ ചികിത്സയിലായിരുന്നു. 2 പേരുടെ നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. അതിന് പിന്നാലെയാണ് ഒരാള്‍ കൂടി മരിച്ച വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.