കവരത്തി: ലക്ഷദ്വീപ് സ്വദേശിയും സിനിമാ പ്രവര്‍ത്തകയുമായ അയിഷ സുല്‍ത്താനക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കവരത്തി പൊലീസ് കേസെടുത്തു. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ വിമര്‍ശിച്ചതിനാലാണ് കേസെടുത്തത്. ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ പരാമര്‍ശത്തിനെതിരെ ലക്ഷദ്വീപിലെ ബിജെപി അധ്യക്ഷന്‍ നല്‍കിയ പരാതിയിലാണ് കേസ്.
പ്രഫുല്‍ പട്ടേലിനെ ‘ജൈവായുധം’ എന്ന് വിശേഷിപ്പിച്ചുവെന്ന് കാട്ടിയാണ് അയിഷ സുല്‍ത്താനയ്ക്ക് എതിരെ പരാതി നല്‍കിയത്. 124 A, 153 B എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. ആ വാക്ക് പ്രയോഗിച്ചത് പ്രഫുല്‍ പട്ടേലിനെ മാത്രം ഉദ്ദേശിച്ച് തന്നെയാണെന്നും പ്രഫുല്‍ പട്ടേലും അയാളുടെ നയങ്ങളും തികച്ചും ഒരു ആയുധം പൊലെ തനിക്ക് തോന്നിയെന്നും ഫേസ്ബുക്ക് കുറിപ്പില്‍ അയിഷ സുല്‍ത്താന വ്യക്തമാക്കുന്നു.
അതിന് കാരണം ഒരു വര്‍ഷത്തോളമായി പൂജ്യം കോവിഡ് ആയ ലക്ഷദ്വീപില്‍ പ്രഫുല്‍ പട്ടേലും ആളുടെ കൂടെ വന്നവരില്‍ നിന്നുമാണ് ആ വൈറസ് നാട്ടില്‍ വ്യാപിച്ചതെന്നും ഐഷ സുല്‍ത്താന പറയുന്നു.