ട്രഷറി തട്ടിപ്പ് കേസ്; ബിജുലാലിന്റെ വീട്ടില്‍ പൊലീസ് പരിശോധന

തിരുവനന്തപുരം: വഞ്ചിയൂര്‍ ട്രഷറി ഓഫീസില്‍ നിന്ന് രണ്ട് കോടി രൂപ തട്ടിയ കേസിലെ മുഖ്യപ്രതി ബിജുലാലിന്റെ വീട്ടില്‍ പൊലീസ് പരിശോധന. കരമനയിലുള്ള വാടക വീട്ടിലാണ് പൊലീസ് പരിശോധന നടത്തുന്നത്.

രണ്ട് ദിവസം മുമ്പ് അറസ്റ്റിലായ ബിജുലാലിനെ കസ്റ്റഡിയില്‍ വാങ്ങുന്നതിന് പൊലീസ് നീക്കം ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഇത് സംബന്ധിച്ച് കോടതിയില്‍ അപേക്ഷ നല്‍കും.

അതേസമയം, ഇക്കഴിഞ്ഞ ഏപ്രില്‍ 20ന് 75 ലക്ഷം രൂപ കവര്‍ന്നു കൊണ്ടാണ് തട്ടിപ്പ് തുടങ്ങിയതെന്ന് ബിജു സമ്മതിച്ചു. ഈ പണമുപയോഗിച്ച് ഭാര്യയ്ക്ക് സ്വര്‍ണം വാങ്ങി. സഹോദരിയുടെ പേരില്‍ ഭൂമി വാങ്ങാന്‍ അഡ്വാന്‍സും കൊടുത്തു.

വിരമിച്ച ട്രഷറി ഉദ്യോഗസ്ഥന്‍ ഭാസ്‌കറിന്റെ യൂസര്‍ നെയിമും പാസ് വേര്‍ഡും മനസിലാക്കിയ ശേഷമാണ് ബിജു പണം തട്ടിയത്. താന്‍ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടര്‍ ഓഫാക്കാന്‍ ഭാസ്‌കര്‍ ബിജുവിന്റെ സഹായം തേടിയിരുന്നു. അന്നാണ് യൂസര്‍ നെയിമും പാസ് വേര്‍ഡും മനസിലാക്കിയത്. അതിനു ശേഷം ട്രഷറിയിലെ ക്യാഷ് കൗണ്ടറില്‍ നിന്ന് 60,000 രൂപയും ബിജു മോഷ്ടിച്ചിരുന്നു.

പൊലീസില്‍ പരാതി നല്‍കുമെന്ന ഘട്ടമെത്തിയപ്പോള്‍ ക്യാഷ്യറുടെ അക്കൗണ്ടിലേക്ക് പണം തിരിച്ചടച്ച് തടിയൂരുകയായിരുന്നു. തട്ടിപ്പ് നടത്തിയിട്ടില്ലെന്നും തന്റെ പാസ് വേര്‍ഡ് ഉപയോഗിച്ച് മറ്റാരോ പണം തട്ടിയതാകാമെന്നുമുളള ന്യായമാണ് അറസ്റ്റിലാകും മുമ്പ് ബിജു മാധ്യമങ്ങള്‍ക്കു മുന്നില്‍ നിരത്തിയത്.

Top