ട്രെന്‍ഡ്ബ്രിഡ്ജ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ നാലാം വിക്കറ്റും വീഴ്ത്തി ഇന്ത്യ

നോട്ടിംഗ്ഹാം: ട്രെന്‍ഡ്ബ്രിഡ്ജ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് നാലാം വിക്കറ്റും നഷ്ടമായി. 30 ഓവറുകള്‍ പിന്നിടുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 84 എന്ന നിലയിലാണ് ഇംഗ്ലണ്ട് ബാറ്റിങ് പുരോഗമിക്കുന്നത്. ഒലി പോപ്, ജോ റൂട്ട് എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.

ടെസ്റ്റ് ആരംഭിച്ചപ്പോള്‍ തന്നെ ടീമിന് രണ്ട് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ഇഷാന്ത് ശര്‍മയാണ് ഇന്ത്യയ്ക്കായി രണ്ട് വിക്കറ്റുകള്‍ നേടിയത്. മുഹമ്മദ് ഷാമി, ജസ്പ്രീത് ബുംമ്ര എന്നിവര്‍ ഓരോ വിക്കറ്റും ഇന്ത്യയ്ക്കായി സ്വന്തമാക്കി. നിലവില്‍ 23 പന്തില്‍ മൂന്ന് റണ്‍സുമായി ബെന്‍ സ്റ്റോക്‌സ്, 27 പന്തില്‍ ഏഴു റണ്‍സുമായി ജോസ് ബട്‌ലര്‍ എന്നിവരാണ് ക്രീസില്‍.

വിക്കറ്റ് നഷ്ടപ്പെടാതെ 23 റണ്‍സെന്ന നിലയില്‍ കളി തുടങ്ങിയ ഇംഗ്ലണ്ടിനു തുടക്കത്തില്‍ തന്നെ പിഴച്ചു. സ്‌കോര്‍ 27ല്‍ എത്തിയപ്പോള്‍ കീറ്റന്‍ ജെന്നിങ്‌സ് പുറത്തായി. പിന്നീട് അലിസ്റ്റര്‍ കുക്കും ഗ്രൗണ്ടില്‍ നിന്നും പുറത്തായി. ഇഷാന്ത് ശര്‍മയാണ് രണ്ട് വിക്കറ്റുകളും സ്വന്തമാക്കിയത്.

15 ഓവറുകള്‍ പിന്നിടുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 42 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. ക്യാപ്റ്റന്‍ ജോ റൂട്ട് (14 പന്തില്‍ ഒന്ന്), ഒലി പോപ് (ഒന്‍പത് പന്തില്‍ ഒന്‍പത്) എന്നിവരാണ് ക്രീസില്‍.

168 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡുമായി രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 352/7 എന്ന സ്‌കോറില്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു.

നായകന്‍ വിരാട് കൊഹ്‌ലി(103)യുടെ സെഞ്ചുറിയും ചേതേശ്വര്‍ പുജാര(72), ഹാര്‍ദിക് പാണ്ഡ്യ(52*) എന്നിവരുടെ അര്‍ധസെഞ്ചുറിയുമാണ് ഇന്ത്യയ്ക്കു മികച്ച ലീഡ് സമ്മാനിച്ചത്.

124/2 എന്ന നിലയിലാണ് മൂന്നാം ദിനം ഇന്ത്യ തുടങ്ങിയത്. കൊഹ്‌ലിക്കൊപ്പം ക്രീസിലുണ്ടായ ചേതേശ്വര്‍ പൂജാര ഉറച്ചു നിന്നതോടെ ഇംഗ്ലണ്ട് ബൗളര്‍മാര്‍ വെള്ളംകുടിച്ചു. പൂജാരയെ ബെന്‍ സ്റ്റോക്‌സാണ് മടക്കിയത്. കൊഹ്‌ലിപൂജാര സഖ്യം മൂന്നാം വിക്കറ്റില്‍ 113 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

സെഞ്ചുറിക്കു പിന്നാലെ കൊഹ്‌ലിയും പുറത്തായി. പേസര്‍ ക്രിസ് വോക്‌സിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് കൊഹ്‌ലി വീണത്.

പൂജാരയ്ക്കും കൊഹ്‌ലിക്കും പിന്നാലെ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിന്റെ വിക്കറ്റും മൂന്നാം ദിനം ഇന്ത്യയ്ക്ക് നഷ്ടമായി. ജയിംസ് ആന്‍ഡേഴ്‌സന്റെ പന്തില്‍ അലിസ്റ്റര്‍ കുക്ക് പിടിച്ചാണ് പന്ത് (ഒന്ന്) മടങ്ങിയത്. ഇതിനുശേഷമെത്തിയ അജിന്‍ക്യ രഹാനെ(29) പാണ്ഡ്യയ്‌ക്കൊപ്പം കൂട്ടുചേര്‍ന്ന് ഇന്ത്യയെ കൂറ്റന്‍ ലീഡിലേക്ക് ഉയര്‍ത്തി.

168 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡുമായാണ് ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയത്. രണ്ടു ദിവസം ബാക്കി നില്‍ക്കേ ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയിലാണ്. ആദ്യ ഇന്നിംഗ്‌സില്‍ 329 റണ്‍സ് നേടിയ ഇന്ത്യയ്‌ക്കെതിരേ ഇംഗ്ലണ്ട് 161 റണ്‍സിന് പുറത്തായിരുന്നു. ഹാര്‍ദിക് പാണ്ഡ്യയുടെ അഞ്ചു വിക്കറ്റ് പ്രകടനമാണ് ഇംഗ്ലണ്ടിനെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കിയത്.

Top