കൊച്ചി: മുസ്ലീംലീഗ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ അബ്ദുള്‍ ഷുക്കൂര്‍ വധക്കേസില്‍ വിചാരണ തുടരാന്‍ ഹൈക്കോടതി അനുമതി നല്‍കി. കേസിലെ സ്റ്റേ കോടതി പിന്‍വലിച്ചു.
കഴമ്പില്ലാത്ത കുറ്റാരോപണങ്ങളുടെ പേരില്‍ വിചാരണ തുടരുന്നതു തങ്ങള്‍ക്ക് അപരിഹാര്യമായ നഷ്ടമുണ്ടാക്കുമെന്നും തലശേരി സെഷന്‍സ് കോടതി പരിഗണിക്കുന്ന കേസില്‍ തുടര്‍നടപടി തടയണമെന്നും ആവശ്യപ്പെട്ട്, കേസില്‍ പ്രതികളായിരുന്ന പി ജയരാജന്‍, ടി വി രാജേഷ് എന്നീ സിപിഐഎം നേതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വിചാരണ നേരത്തെ കോടതി സ്റ്റേ ചെയ്തിരുന്നു.
2012 ലാണ് അബ്ദുള്‍ ഷുക്കൂര്‍ കൊല ചെയ്യപ്പെട്ടത്. ലീഗുകാര്‍ അക്രമം നടത്തിയ അരിയില്‍ സന്ദര്‍ശിച്ച പി. ജയരാജന്‍, ടി. വി രാജേഷ് എന്നിവരെ ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചതിന് പ്രതികാരമായിട്ടാണ് ഷുക്കൂറിനെ വധിച്ചത്.
ക്രിക്കറ്റ് കളിക്കിടെ പരുക്കേറ്റ സുഹൃത്തിനെ ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്ന ഷുക്കൂറിനെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞുവച്ച ശേഷം നേതാക്കളുടെ നിര്‍ദേശപ്രകാരം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്.
പി ജയരാജനെ കേസില്‍ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും 28 ദിവസങ്ങള്‍ക്ക് ശേഷം ജാമ്യത്തിലിറങ്ങി.