ചെന്നൈ: സോലത്ത് നിന്നു ചെന്നൈയിലെ റിസര്‍വ് ബാങ്ക് റീജനല്‍ ഓഫിസിലേക്കു ട്രെയിനില്‍ മാര്‍ഗം കൊണ്ടുവന്ന നോട്ടുകെട്ടുകള്‍ കൊള്ളയടിച്ച സംഭവവുമായി ബന്ധപ്പെട്ട് സേലം സ്റ്റേഷനിലെ രണ്ടു പോര്‍ട്ടര്‍മാരെ കസ്റ്റഡിയിലെടുത്തു.
പണമടങ്ങിയ പെട്ടികള്‍ ട്രെയിനിനുള്ളിലേക്കെത്തിച്ചത് ഇവരുടെ നേതൃത്വത്തിലാണ്. ഇവരെ ചോദ്യം ചെയ്യുകയാണ്. അതേസമയം, കൊള്ളയടിക്കുപിന്നില്‍ വന്‍സംഘമാണെന്നാണു സൂചന. സംഘത്തിലുള്ള നാലുപേരുടെ വിരലടയാളങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ഇന്നലെയാണ് ഏവരെയും ഞെട്ടിച്ച വന്‍ കവര്‍ച്ച നടന്നത്. സേലം- ചെന്നൈ എക്‌സ്പ്രസിലെ (11064) മൂന്നു പ്രത്യേക പാഴ്‌സല്‍ വാനുകളില്‍ ഒന്നിന്റെ മുകള്‍ഭാഗത്തു രണ്ടടി ദ്വാരമുണ്ടാക്കിയാണു പണം തട്ടിയത്.
342 കോടി രൂപയാണു മൊത്തമുണ്ടായിരുന്നത്. ഇതില്‍ 5.78 കോടി രൂപ കൊള്ളയടിച്ചു. മുഷിഞ്ഞുപഴകിയതിനാല്‍ നശിപ്പിക്കാന്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ശാഖകളില്‍ നിന്നു കൊണ്ടുവന്നതാണെങ്കിലും വേണമെങ്കില്‍ ബാങ്കില്‍ കൊടുത്തു മാറ്റിയെടുക്കാന്‍ കഴിയുന്ന നോട്ടുകളാണിവ.
ബോഗിയുടെ മുകള്‍ ഭാഗം തുരന്ന നിലയില്‍മൂന്നു പാഴ്‌സല്‍ വാനുകളിലെ 226 പെട്ടികളിലായിരുന്നു പണം. നാലു പെട്ടികള്‍ തുറന്നിട്ടുണ്ട്.
ഒരു പെട്ടിയിലെ പണം പൂര്‍ണമായും മറ്റൊന്നിലേതു ഭാഗികമായും നഷ്ടപ്പെട്ടു. മറ്റു രണ്ടെണ്ണത്തിലെ പണം നഷ്ടപ്പെട്ടിട്ടുണ്ടോയെന്നു വ്യക്തമല്ലെന്ന് ഐജി (റെയില്‍വേ) എം. രാമസുബ്രഹ്മണി പറഞ്ഞു.