ആദിവാസികളെ ബലിയാടാക്കി ശബരിമല സമരത്തിന് ഒരുങ്ങരുത്; പട്ടിക ജാതി ഭാരവാഹികൾ

പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ആദിവാസികളെ മുൻനിർത്തി സമരത്തിന് ഒരുങ്ങുന്നു എന്ന് പട്ടിക ജാതി- പട്ടിക വർഗ ഐക്യവേദി ഭാരവാഹികൾ. നിലയ്ക്കലിലും പമ്പയിലും ഒക്കെ നടത്തുന്ന സമരത്തിൽ പങ്കെടുക്കാനായി അട്ടത്തോട്ടിലെ ആദിവാസികളെ പ്രേരിപ്പിക്കുന്നു എന്ന് ഇവർ വ്യക്തമാക്കി.

നാമജപ പൂജയെന്നും പ്രതിഷേധമെന്നും ഒക്കെ പറഞ്ഞു ആദിവാസി സ്ത്രീകളെ ഉൾപ്പെടെ സമരത്തിനായി എത്തിക്കുന്നു എന്നാണ് ഐക്യവേദി ഭാരവാഹികൾ ആരോപിച്ചത്. വാഹനങ്ങൾ തടയാനും, ശബരിമലയിലേക്ക് എത്തുന്ന യുവതികൾക്ക് നേരെ പ്രതിഷേധം തീർക്കാനും ഒക്കെയായി ആദിവാസികളെ ഉപയോഗപ്പെടുത്തുന്നു എന്നാണ് ഇവർ പറയുന്നത്. ആദിവാസികളെ മുൻ നിർത്തി അവരുടെ തലയിലേക്ക് ഇതിന്റെ ഉത്തരവാദിത്തം കെട്ടി വെയ്ക്കാനുള്ള പദ്ധതിയാണ് ഇത് എന്നും പട്ടിക ജാതി- പട്ടിക വർഗ ഐക്യവേദി ഭാരവാഹികൾ ചൂണ്ടിക്കാട്ടി.

ഈ വിവരം പത്തനംതിട്ട കളക്ടറുമായി സംസാരിക്കുമെന്നും പരമ്പരാഗത ആചാരങ്ങളെന്നും അവകാശങ്ങളെന്നുമൊക്കെ പറഞ്ഞു ആദിവാസികളെ ബലിയാടുകളാക്കാൻ സമ്മതിക്കില്ല എന്നും ആദിവാസി മലമ്പണ്ടാര സംഘടന സെക്രട്ടറി സതീഷ് അട്ടത്തോട്, സാധുജന വിമോചന സംയുക്തവേദി പ്രസിഡന്റ് കേശവദേവ് എന്നിവർ വ്യക്തമാക്കി.

Top