ആദിവാസി പട്ടികജാതി വകുപ്പ് മന്ത്രി എ.കെ ബാലന്റെ സ്വന്തം തട്ടകത്തിലാണ് മൃഗീയ മര്‍ദ്ദനത്തിനിരയായി പാവം ആദിവാസി യുവാവ് മരണപ്പെട്ടിരിക്കുന്നത്. വെറും ഇരുപത്തേഴ് വയസേ മധുവെന്ന ഈ യുവാവിനുള്ളു.
കീറിപ്പറിഞ്ഞ വസ്ത്രവും ഇരുണ്ട നിറവും കൈയ്യിലെ സഞ്ചിയിലെ നാണ്യങ്ങളുമെല്ലാം ഒരു യുവാവിനെ തല്ലിക്കൊല്ലാന്‍ കാരണമാക്കിയത് പ്രബുദ്ധ കേരളത്തിലെ ഒരു സംഘമാണെന്നതിനാല്‍ കേരളം തന്നെ ഇപ്പോള്‍ രാജ്യത്തിനു മുന്നില്‍ തല കുനിക്കേണ്ടി വന്നിരിക്കുകയാണ്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇടക്കിടെ സംഭവിക്കുന്ന കാടത്തം സാംസ്‌കാരിക കേരളത്തിലും അരങ്ങേറിയത് വലിയ ഒരു അപകട സിഗ്‌നലാണ്.
വിശന്നു തെരുവില്‍ അലയുന്ന ഇതര സസ്ഥാനക്കാരെ പോലും വിളിച്ചു വരുത്തി ഭക്ഷണം നല്‍കുന്ന അനവധി പേരുള്ള നാടാണ് കേരളം. എന്നാല്‍, അട്ടപ്പാടി മുക്കാലിക്ക് സമീപം മോഷണകുറ്റം ആരോപിച്ച് കെട്ടിയിട്ട് ഈ യുവാവിനെ ക്രിമിനല്‍ മനസ്സുള്ളവര്‍ തല്ലുമ്പോള്‍ അരുതെന്ന് പറയാന്‍ അവിടെ ആരുമുണ്ടായിരുന്നില്ല.
എന്തിനും ഏതിനും പ്രതികരിക്കുന്ന മലയാളിയുടെ പ്രതികരണ ശേഷി ആ സമയത്ത് എവിടെ പോയി ?
അതീവ ഗൗരവമായി പരിശോധിക്കപ്പെടേണ്ട കാര്യമാണിത്.
ക്രൂരതക്കാട്ടുന്ന മൃഗങ്ങളോട് പോലും ദയ കാണിക്കുന്ന, അവയ്ക്ക് വേണ്ടി പോലും ശബ്ദമുയര്‍ത്തുന്ന കേരളീയ പൊതു സമൂഹത്തിന് പ്രതികരിക്കാന്‍ ആദിവാസി യുവാവിന് സ്വന്തം ജീവന്‍ തന്നെയാണ് ‘ബലി’ നല്‍കേണ്ടി വന്നിരിക്കുന്നത്.
നരക ജീവിതം നയിച്ച് കാട്ടിലെ പാറക്കെട്ടുകള്‍ക്കിടയില്‍ കഴിഞ്ഞിരുന്ന ഈ യുവാവിനെ കണ്ടെത്തി മതിയായ ചികിത്സ നല്‍കാനും പുനരധിവസിപ്പിക്കാനും എന്തുകൊണ്ട് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കഴിഞ്ഞില്ല എന്നതിനും അധികൃതര്‍ മറുപടി പറഞ്ഞേ പറ്റൂ.
ആദിവാസി ക്ഷേമത്തിനായി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഫണ്ടും കേരളത്തില്‍ അനുവദിക്കപ്പെട്ട ഫണ്ടുമെല്ലാം ശരിയായ രൂപത്തില്‍ വിനിയോഗിച്ചിരുന്നുവെങ്കില്‍ ഈ ജീവന്‍ ഒരു പക്ഷേ നഷ്ടപ്പെടില്ലായിരുന്നു. സ്വന്തം ഊരായ കടുകമണ്ണയില്‍ നിരവധി വര്‍ഷങ്ങളായി അലഞ്ഞു തിരിയുകയായിരുന്നു ഈ ചെറുപ്പക്കാരന്‍.
ഭക്ഷണം മാത്രമാണ് എല്ലാവരോടും ചോദിക്കുന്നത്. വനാതിര്‍ത്തിയില്‍ ചാക്കില്‍ അരിയുമായി കണ്ട മധുവിനെ ഒരു സംഘം തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ചതിനു ശേഷമാണ് പൊലീസിനു കൈമാറിയത്. പൊലീസ് ജീപ്പില്‍ ചര്‍ദ്ദിച്ച് അവശനായ യുവാവിനെ അഗളി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇനി ഒരു വാദത്തിനു വേണ്ടി മധുവെന്ന ആദിവാസി യുവാവ് അരി മോഷ്ടിച്ചു എന്ന് തന്നെ ഇരിക്കട്ടെ ,അതിന് ഒരാളെ തല്ലിക്കൊല്ലാന്‍ ആരാണ് ഇവര്‍ക്ക് അനുമതി കൊടുത്തത് ?
സ്വര്‍ണ്ണവും പണവും ഒന്നുമല്ലല്ലോ . . അല്പം അരിയല്ലേ അവനില്‍ നിന്നും കണ്ടെടുത്തത്. ഈ അരി അവന്റെ ദയനീയ അവസ്ഥ കണ്ട് ആരെങ്കിലും കൊടുത്തതാണെങ്കിലോ ? അതും വിശന്നിട്ടല്ലേ . . ? മാനസിക പ്രശ്‌നങ്ങള്‍ ഉള്ളയാളാണ് എന്നറിഞ്ഞിട്ടും ഇങ്ങനെ തല്ലാമോ ?
ഇനി മോഷണമാണെങ്കില്‍ തന്നെ അവന് ഭക്ഷണം വാങ്ങി കൊടുത്ത് ബന്ധപ്പെട്ടവരെ അറിയിച്ച് പുനരധിവസിപ്പിക്കാനല്ലേ ഈ സംഘം
ശ്രമിക്കേണ്ടിയിരുന്നത് ?
പതിനായിക്കണക്കിന് കോടികള്‍ തട്ടിയെടുത്ത് വിലസുന്നവരുള്ള രാജ്യത്ത് വിശപ്പിന്റെ വേദനയില്‍ പാവം ആദിവാസി യുവാവ്, അല്പം അരി ശേഖരിച്ചത് മഹാ അപരാധമല്ല. എല്ലാവരേയും പോലെ ജനിച്ച മണ്ണില്‍ ജീവിക്കാന്‍ അവനുമുണ്ട് അവകാശം.
ഒന്‍പതു മാസമായി കാട്ടിലെ പാറയിടുക്കില്‍ താമസിക്കുന്ന യുവാവിനോട് ക്രൂര മൃഗങ്ങള്‍ പോലും ദയ കാണിച്ചപ്പോള്‍ ‘കാട്ടാള’ മനുഷ്യരാണ് അവന്റെ ജീവനെടുത്തത്.
ഇതു പൊറുക്കാന്‍ പറ്റാത്ത തെറ്റാണ്. തലകുനിക്കുന്നു . . കേരളീയ മനസാക്ഷിക്കൊപ്പം ഞങ്ങളും . . ആ രോദനത്തിനു മുന്നില്‍ . .
Team Express Kerala