പാലക്കാട്: ആദിവാസി യുവാവ് മധുവിനെ ഒരു സംഘം തല്ലിക്കൊന്ന സംഭവത്തില്‍ മാവോയിസ്റ്റുകള്‍ മുതലെടുപ്പ് നടത്തുമോയെന്ന് പരക്കെ ആശങ്ക.
കേരളത്തില്‍ മാവോയിസ്റ്റ് സാന്നിധ്യം ശക്തമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളാണ് അട്ടപ്പാടിയും നിലമ്പൂരും വയനാടും. നിലമ്പൂരില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ പ്രമുഖ മാവോയിസ്റ്റ് നേതാവ് ഉള്‍പ്പെടെ രണ്ടു പേര്‍ നേരത്തെ കൊല്ലപ്പെട്ടിരുന്നു.
എ.കെ.47 മെഷീന്‍ ഗണ്‍ ഉള്‍പ്പെടെ ആധുനിക ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കൈവശമുള്ള മാവോയിസ്റ്റുകളെ മധുവിന്റെ കൊലപാതകത്തോടെ വീണ്ടും പേടിക്കേണ്ട സാഹചര്യമാണുള്ളത്.
ആദിവാസി ഊരുകളില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്ന മാവോയിസ്റ്റുകള്‍ ആദിവാസി യുവാവിന്റെ ദാരുണ കൊലപാതകം ഉപയോഗപ്പെടുത്താനുള്ള സാധ്യത, ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും തള്ളിക്കളയുന്നില്ല.
ആദിവാസികള്‍ക്ക് വേണ്ടി ‘പോരാടി ‘അവര്‍ക്കിടയില്‍ ശക്തമായ സ്വാധീനമുറപ്പിക്കുക എന്നത് മാവോയിസ്റ്റുകളുടെ പ്രഖ്യാപിത ലക്ഷ്യമാണ്. ഇതിനെ പ്രതിരോധിക്കാന്‍ മധുവിന്റെ കൊലയാളികളെ മുഴുവന്‍ പിടികൂടുകയും, മാവോയിസ്റ്റ് സാന്നിധ്യ പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കുന്നതിന് നടപടി സ്വീകരിച്ചിരിക്കുകയുമാണ് പൊലീസ്. മാവോയിസ്റ്റ് വിരുദ്ധ സേനയെ ഇറക്കി കാട്ടില്‍ തിരിച്ചില്‍ നടത്താനും പട്രോളിങ്ങ് ശക്തമാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മര്‍ദ്ദനത്തിന്റെ ഭാഗമായുണ്ടായ ആന്തരിക രക്തസ്രാവമാണ് മധുവിന്റെ മരണത്തിന് കാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതോടെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിനാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. ഐ.പി.സി. 307, 302,324 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
മര്‍ദ്ദനത്തില്‍ യുവാവിന്റെ വാരിയെല്ല് തകര്‍ന്നതായും വ്യക്തമായിട്ടുണ്ട്. സംഭവത്തില്‍ 16 പേരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
പത്തുലക്ഷം രൂപയാണ് മധുവിന്റെ കുടുംബത്തിന് ധനസഹായമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
റിപ്പോര്‍ട്ട്: എം വിനോദ്