കൊച്ചി:വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന് നൃത്തം കൊണ്ട് ആദരാജ്ഞലി അര്‍പ്പിച്ച് വിദ്യാര്‍ത്ഥിനികള്‍. കൊച്ചി കാക്കനാട് പ്രവര്‍ത്തിക്കുന്ന ക്ഷേത്ര നൃത്തവിദ്യാലയത്തിലെ ടി.എച്ച്.രഞ്ജിനി, മിഥില, ലക്ഷ്മി എന്നിവരുടെ നൃത്ത വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.
പ്രശസ്ത വയലിനിസ്റ്റും ആകാശവാണി ആര്‍ട്ടിസ്റ്റുമായ ടി.എച്ച്.ലളിതയുടെ മകളാണ് രഞ്ജിനി. മലപ്പുറം സ്വദേശിനിയും കൊച്ചിയില്‍ സ്ഥിരതാമസക്കാരിയുമായ മിഥിലയും വൈക്കം സ്വദേശിനി ലക്ഷ്മിയും എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ ഒന്നിച്ച് പഠിച്ചവരാണ്. മൂവരും ഇപ്പോള്‍ എം.എ.ഭരതനാട്യം പൂര്‍ത്തിയാക്കി.
ബാലഭാസ്‌കറിന്റെ ഗാനം ഉപയോഗിച്ച് തന്നെയാണ് നൃത്തരംഗം ചിത്രീകരിച്ചിരിക്കുന്നത്. രഞ്ജിനിയും മിഥിലയും ചേര്‍ന്നാണ് കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്. ക്ഷേത്രയില്‍ തന്നെയായിരുന്നു ഷൂട്ടിങ്ങും.
രണ്ട് ലക്ഷത്തോളം പേരാണ് ഇതിനോടകം യൂ ട്യൂബില്‍ മാത്രം ഈ വീഡിയോ കണ്ടത്. പോസ്റ്റ് ചെയ്യുമ്പോള്‍ ഇത്രയും സ്വീകാര്യത കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു.
ഈ അനുഭവം മുന്‍നിര്‍ത്തി മലയാളഗാനങ്ങള്‍ക്ക് നൃത്തരൂപം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ഇവര്‍.