വീരനായകന് രാജ്യത്തിന്റെ സല്യൂട്ട്; റാവത്തിനും പത്‌നിക്കും ബ്രാര്‍ സ്‌ക്വയറില്‍ അന്ത്യവിശ്രമം

ന്യൂഡല്‍ഹി: ഹെലികോപ്റ്റര്‍ അപകടത്തില്‍ ജീവന്‍ നഷ്ടമായ സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന് രാജ്യം യാത്രാമൊഴി നല്‍കി. ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലികയുടേയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചു.

എണ്ണൂറോളം സൈനികരാണു സംസ്‌കാര ചടങ്ങുകളുടെ ഭാഗമായത്. ചടങ്ങുകള്‍ പ്രകാരം 17 ഗണ്‍ സല്യൂട്ട് നല്‍കിക്കൊണ്ടാണ് റാവത്തിന്റെ സംസ്‌കാരച്ചടങ്ങുകള്‍ നടന്നത്. വിലാപയാത്രയായായിരുന്നു മൃതദേഹങ്ങള്‍ ബ്രാര്‍ സ്‌ക്വയറിലെത്തിച്ചത്. 3.30 മുതല്‍ 4.00 വരെ ബ്രാര്‍ സ്‌ക്വയറില്‍ പൊതുദര്‍ശനത്തിനു വച്ചു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ബ്രാര്‍ സ്‌ക്വയറിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു.

ശ്രീലങ്ക, ഭൂട്ടാന്‍, നേപ്പാള്‍, ബംഗ്ലദേശ് രാജ്യങ്ങളിലെ സൈനിക കമാന്‍ഡര്‍മാര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. വിദേശ നയതന്ത്ര പ്രതിനിധികളും പങ്കെടുക്കും. ആഭ്യന്തരമന്ത്രി അമിത് ഷാ വീട്ടിലെത്തി റാവത്തിനും ഭാര്യയ്ക്കും ആദരാഞ്ജലി അര്‍പ്പിച്ചു. കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, മനുഷ്‌ക് മാണ്ഡവ്യ, സ്മൃതി ഇറാനി, സര്‍ബാനന്ദ സോനോവാള്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ഗാന്ധി, എ.കെ ആന്റണി, മല്ലികാര്‍ജുന്‍ ഖര്‍ഗെ തുടങ്ങിയവരും ബിപിന്‍ റാവത്തിന് അന്തിമോപചാരം അര്‍പ്പിച്ചു.

ഇവരെക്കൂടാതെ, കര്‍ഷക സംഘടനയായ ഭാരത് കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത്, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ, ഡിഎംകെ നേതാക്കളായ എ.രാജ, കനിമൊഴി തുടങ്ങിയവരും സംയുക്ത സേനാ മേധാവിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. റാവത്തിന്റെയും മധുലികയുടെയും ഭൗതികശരീരം 11 മുതല്‍ 2 മണി വരെ ഡല്‍ഹിയിലെ വസതിയില്‍ പൊതുദര്‍ശനത്തിനു വച്ചിരുന്നു.

ഇന്ത്യയുടെ ആദ്യ സംയുക്ത സേനാ മേധാവിയാണ് ബിപിന്‍ റാവത്ത്. 2020 ജനുവരി ഒന്നിനാണ് റാവത്ത് സംയുക്ത സേനാ മേധാവിയായി ചുമതലയേറ്റത്. 1978 ല്‍ 11 ഗൂര്‍ഖാ റൈഫിള്‍സിന്റെ അഞ്ചാം ബറ്റാലിയനിലാണ് റാവത്ത് സൈനിക ജീവിതം ആരംഭിച്ചത്. അദ്ദേഹത്തിന്റെ പിതാവും അതേ യൂണിറ്റിലായിരുന്നു. ഉയര്‍ന്ന പ്രദേശങ്ങളിലെ യുദ്ധമുറകളില്‍ പ്രാഗത്ഭ്യം നേടിയിട്ടുള്ള അദ്ദേഹം യുഎന്‍ സൈനിക സംഘത്തിന്റെ ഭാഗമായി കോംഗോയില്‍ േസവനമനുഷ്ഠിച്ചിട്ടുണ്ട്.

2016 ഡിസംബര്‍ 31 നാണ് കരസേനാ മേധാവിയായി ചുമതലയേറ്റത്. 2020 ജനുവരി ഒന്നിന് സംയുക്ത സേനാ മേധാവിയായി. 2015 ഫെബ്രുവരി മൂന്നിന് നാഗാലാന്‍ഡിലെ ദിമാപുരില്‍ ഒരു ഹെലികോപ്റ്റര്‍ അപകടത്തില്‍നിന്ന് റാവത്ത് രക്ഷപ്പെട്ടിരുന്നു. പരമവിശിഷ്ട സേവാ മെഡല്‍, അതിവിശിഷ്ട സേവാ മെഡല്‍, വിശിഷ്ട സേവാ മെഡല്‍, ഉത്തം യുദ്ധ് സേവാമെഡല്‍, യുദ്ധ് സേവാ മെഡല്‍, സേനാ മെഡല്‍ തുടങ്ങിയ സൈനിക ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.

ബുധനാഴ്ച ഉച്ചയ്ക്കാണ് ഊട്ടിക്കു സമീപമുള്ള കുനൂരില്‍ സൈനിക വിമാനം തകര്‍ന്നുവീണത്. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും ഭാര്യയും ഉള്‍പ്പെടെ 13 പേര്‍ മരിച്ചു. മരിച്ചവരില്‍ തൃശൂര്‍ പുത്തൂര്‍ സ്വദേശിയായ വ്യോമസേന വാറന്റ് ഓഫിസര്‍ എ. പ്രദീപും ഉള്‍പ്പെടുന്നു. പരുക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്.

Top