ഡല്‍ഹി: യു.എസ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒപ്പുവെച്ച കരാറില്‍ അഴിമതി ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. ടെക് കമ്പനിയായ മൈക്രോണ്‍ ടെക്‌നോളജിയുമായി ഒപ്പുവെച്ച കരാറിലാണ് അഴിമതി ആരോപിക്കുന്നത്. 1571 കോടി രൂപ പൊതുപണം അമേരിക്കന്‍ കമ്പനിക്ക് വെറുതെ നല്‍കുന്നതാണ് ഇടപാടെന്ന് തൃണമൂല്‍ വക്താവ് സാകേത് ഗോഖലെ ആരോപിച്ചു. യു.എസ് സന്ദര്‍ശന സമയത്ത് മോദി നിരവധി വ്യവസായികളെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു. പല സ്ഥാപനങ്ങളുമായി കരാറൊപ്പിടുകയും ചെയ്തു. അതിലൊന്നാണ് ഇന്ത്യക്കാരനായ സഞ്ജയ് മെഹ്‌റോത്ത സി.ഇ.ഒ ആയ അമേരിക്കന്‍ കമ്പനി മൈക്രോണ്‍ ടെക്‌നോളജി.
ഇന്ത്യയുടെ സെമി കണ്ടക്ടര്‍ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി ഗുജറാത്തില്‍ പ്ലാന്റ് സ്ഥാപിക്കാനാണ് മൈക്രോണുമായി 2274 കോടിയുടെ കരാറൊപ്പിട്ടത്. എന്നാല്‍ ഇതിന്റെ 70 ശതമാനവും ചെലവും സര്‍ക്കാരാണ് വഹിക്കുക. 50 ശതമാനം കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമ്പോള്‍ 20 ശതമാനം ഗുജറാത്ത് സര്‍ക്കാര്‍ വഹിക്കും. ഫലത്തില്‍ 30 ശതമാനം (682 കോടി) മാത്രമേ മൈക്രോണ്‍ മുതല്‍മുടക്കേണ്ടതുള്ളൂ. അതേസമയം, കരാറിലൂടെ പ്ലാന്റിന്റെ 100 ശതമാനം ഉടമസ്ഥാവകാശവും മൈക്രോണിന് ലഭിക്കുകയും ചെയ്യും.
ഇന്ത്യയുടെ സെമി കണ്ടക്ടര്‍ മേഖലയിലെ മുന്നേറ്റത്തിന് യാതൊരു കുതിപ്പും നല്‍കാന്‍ മൈക്രോണ്‍ പ്ലാന്റിന് സാധിക്കില്ലെന്ന് സാകേത് ഗോഖലെ ചൂണ്ടിക്കാട്ടുന്നു. കാരണം, ഗുജറാത്തില്‍ വിഭാവനം ചെയ്യുന്ന പ്ലാന്റില്‍ സെമി കണ്ടക്ടര്‍ ചിപ്പുകളുടെ നിര്‍മാണമോ ഡിസൈനിങ്ങോ നടക്കുന്നില്ല. ചിപ്പുകളുടെ കൂട്ടിച്ചേര്‍ക്കലും ടെസ്റ്റിങ്ങും മാത്രമാണ് നടക്കുന്നത്. ഇതാകട്ടെ, കുറഞ്ഞ സാങ്കേതികവിദ്യ മാത്രം പ്രയോഗിച്ചുകൊണ്ട് നടപ്പാക്കുന്ന പ്രവൃത്തിയാണ്. സാങ്കേതിക വിദ്യയുടെ കൈമാറ്റം കരാര്‍ വഴി നടക്കുന്നില്ല. മൈക്രോണിന് ഇന്ത്യയില്‍ കുറഞ്ഞ ചെലവില്‍ തൊഴിലാളികളെ ലഭിക്കുകയും ചെയ്യും.
ചിപ്പുകളുടെ കൂട്ടിച്ചേര്‍ക്കലിലും ടെസ്റ്റിങ്ങിലും ചെലവ് കുറയുന്നത് വഴി മൈക്രോണിന് മാത്രം പ്രയോജനം ലഭിക്കുന്നതാണ് കരാറെന്ന് ഗോഖലെ ചൂണ്ടിക്കാട്ടുന്നു. അവരുടെ ചൈനയിലെ ബിസിനസിന്റെ വ്യാപ്തി കുറച്ചുകൊണ്ടുവരാനും സാധിക്കും. ഇന്ത്യക്കാകട്ടെ പദ്ധതിയുടെ 70 ശതമാനം തുക ചെലവഴിച്ചിട്ടും സാങ്കേതിക വിദ്യാ കൈമാറ്റം പോലും ലഭിക്കുന്നില്ല.
വെറും 682 കോടി ചെലവിട്ടാണ് മൈക്രോണ്‍ ചുളുവില്‍ 2274 കോടിയുടെ പ്ലാന്റ് സ്വന്തമാക്കുന്നത്. എന്തുകൊണ്ടാണ് അമേരിക്കന്‍ കമ്പനിക്ക് മാത്രം പ്രയോജനപ്പെടുന്ന രീതിയില്‍ ഇത്രയേറെ തുക കേന്ദ്ര സര്‍ക്കാര്‍ ചിലവഴിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.