ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മുന്നറിയിപ്പുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സിദ്ദിഖുള്ള ചൗധരി. ബംഗാളില്‍ കാലുകുത്താന്‍ യോഗിയെ അനുവദിക്കില്ല. ഹൈന്ദവ വിശ്വാസികള്‍ ഗ്യാന്‍വാപി പള്ളി ഉടന്‍ ഒഴിയണം. മസ്ജിദുകളെ ക്ഷേത്രമാക്കി മാറ്റാനുള്ള ശ്രമത്തെ നോക്കിനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗ്യാന്‍വാപി മസ്ജിദിലെ പൂജ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്‍ക്കത്തയില്‍ നടന്ന ജാമിയത്ത് ഉലമ ഇ ഹിന്ദ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഇത്തരമൊരു നീക്കം അനുവദിക്കാന്‍ മുഖ്യമന്ത്രിക്ക് ബോധമില്ലേ? ബംഗാളില്‍ വന്ന് സമാധാനമായി ഇരിക്കാന്‍ യോഗ്യക്ക് കഴിയുമെന്ന് തോന്നുന്നുണ്ടോ? സംസ്ഥാനത്ത് കാലുകുത്താന്‍ അനുവദിക്കില്ല’- അദ്ദേഹം പറഞ്ഞു.
”ഗ്യാന്‍വാപി പള്ളിയില്‍ ബലമായി കയറി പൂജ നടത്തുന്ന ഹിന്ദു വിശ്വാസികള്‍ ഉടന്‍ ഒഴിയണം. ഞങ്ങള്‍ ഒരു ക്ഷേത്രത്തിലും കയറി പ്രാര്‍ത്ഥിക്കാറില്ല. പിന്നെ എന്തിനാണ് നമ്മുടെ പള്ളികളില്‍ വരുന്നത്? മസ്ജിദുകള്‍ ക്ഷേത്രമാക്കി മാറ്റാന്‍ ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍, അത് കണ്ട് മിണ്ടാതിരിക്കില്ല. അത് നടക്കില്ല. ഗ്യാന്‍വാപി മസ്ജിദ് 800 വര്‍ഷത്തിലേറെയായി അവിടെയുണ്ട്. അതിനെ എങ്ങനെ തകര്‍ക്കാന്‍ കഴിയും?”- സിദ്ദിഖുള്ള ചൗധരി ചോദിച്ചു.