കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവ മൊയ്ത്ര

ഡൽഹി : കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവ മൊയ്ത്ര. രാജ്യത്തെ സാമ്പത്തിക വളര്‍ച്ച സംബന്ധിക്കുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു തൃണമൂല്‍ എംപിയുടെ പരിഹാസം. ‘ഇപ്പോള്‍ ആരാണ് പപ്പു?’ എന്ന ചോദ്യം ഉന്നയിച്ചായിരുന്നു നരേന്ദ മോദി സര്‍ക്കാരിനെ മഹുവ പരിഹസിച്ചത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അടിക്കടി നിന്ദിക്കാനും അയോഗ്യനാണെന്ന് ആക്ഷേപിക്കാനും വേണ്ടി സര്‍ക്കാരും ഭരിക്കുന്ന പാര്‍ട്ടിയും ചേര്‍ന്ന് കണ്ടുപിടിച്ചതാണ് പപ്പു എന്ന വാക്ക്. എന്നാല്‍ ഇപ്പോള്‍ പപ്പുവെന്ന വാക്കിന് മോദി സര്‍ക്കാരിനാണ് അര്‍ഹതയുള്ളത് എന്ന് സൂചിപ്പിച്ചായിരുന്നു മഹുവയുടെ ആക്രമണം.

2022-23 കാലയളവില്‍ അധിക ഗ്രാന്റുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച ലോക്‌സഭയില്‍ നടന്ന പ്രത്യേകചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മഹുവ. ചൊവ്വാഴ്ച വൈകുന്നേരം തന്റെ പ്രസംഗത്തിന്റെ ലിങ്ക് മഹുവ ട്വിറ്ററില്‍ ഷെയര്‍ ചെയ്തു. ടിന്‍ടിന്‍ എന്ന കോമിക് ബുക് സീരീസിന്റെ കവറില്‍ മാറ്റം വരുത്തി ദ അഡ്വെന്‍ചേഴ്‌സ് ഓഫ് ടിന്‍ടിന്‍: ദ ഡിസ്‌കവറി ഓഫ് റിയല്‍പപ്പു എന്ന തലക്കെട്ടോടെയായിരുന്നു മഹുവയുടെ ട്വീറ്റ്.

നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (NSO) പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് ഇന്ത്യയുടെ വ്യാവാസായികോത്പാദനനിരക്ക് ഒക്ടോബറില്‍ നാല് ശതമാനം കുറഞ്ഞു. 26 മാസക്കാലയളവിലെ ഏറ്റവും കുറവ് ഉത്പാദനനിരക്കാണ് ഒക്ടോബറില്‍ രേഖപ്പെടുത്തിയത്. ഉത്പാദനമേഖലയുടെ വളര്‍ച്ചാനിരക്ക് 5.6 ശതമാനം കുറഞ്ഞു. വിദേശ നാണ്യശേഖറം കഴിഞ്ഞ ഒരുകൊല്ലത്തിനിടെ 72 ബില്യണ്‍ ഡോളറാണ് കുറവ് രേഖപ്പെടുത്തിയത്. സാമ്പത്തിക മേഖല തകര്‍ന്നുകൊണ്ടിരിക്കുകയാണ്. എന്നിട്ടും രാജ്യം വികസനത്തിന്റെ പാതയിലാണെന്ന് മോദി സര്‍ക്കാര്‍ പ്രചരിപ്പിക്കുകയാണ്. മഹുവ കുറ്റപ്പെടുത്തി. സമ്പദ്ഘടനയെ നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്ന് ധനമന്ത്രി നിര്‍മല സീതാരാമനോട് മഹുവ ആവശ്യപ്പെടുകയും ചെയ്തു.

 

 

Top