ദില്ലി: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി കക്കോലി ഘോഷ് ദസ്തിദാര്‍. വനിതാ ഗുസ്തി താരങ്ങളെ പീഡിപ്പിച്ച ബിജെപി എംപി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ എന്തുകൊണ്ട് നടയുണ്ടാകുന്നില്ലെന്ന് ദസ്തിദാര്‍ ചോദിച്ചു. ശരണ്‍ സിങ്ങിനെതിരെ നടപടിയെടുത്ത് പാര്‍ട്ടി സ്ത്രീകളോടുള്ള ആദരവ് പ്രകടിപ്പിക്കണമെന്നും ദസ്തിദാര്‍. പാര്‍ലമെന്റില്‍ വനിതാ സംവരണ ബില്ലിനെ പിന്തുണച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ബരാസത്തില്‍ നിന്നുള്ള ടിഎംസി എംപി.
‘രാജ്യത്തിനായി സ്വര്‍ണ്ണ മെഡലുകള്‍ നേടിയ നമ്മുടെ പെണ്‍കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു. നീതി തേടി അവര്‍ക്ക് ജന്തര്‍മന്ദറില്‍ പ്രതിഷേധം നടത്തേണ്ടി വന്നു. എന്നിട്ടും ബ്രിജ് ഭൂഷണ്‍ സിംഗ് ഇന്ന് ഇവിടെ ഇരിക്കുകയാണ്. എന്തുകൊണ്ട് കുറ്റവാളിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നില്ല? സ്ത്രീകളുടെ പുരോഗതിയും ഉന്നമനവുമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍, നിങ്ങള്‍ക്ക് അതിനോട് ശരിക്കും താല്‍പ്പര്യമുണ്ടെങ്കില്‍, എന്തുകൊണ്ടാണ് ബ്രിജ് ഭൂഷണിനെതിരെ നടപടിയെടുക്കാത്തത്?’ – ടിഎംസി എംപി ചോദിച്ചു.
ഹത്രാസ്, ഉന്നാവോ ബലാത്സംഗ-കൊലപാതക കേസുകളില്‍ എന്തുകൊണ്ടാണ് നടപടിയെടുക്കാത്തതെന്നും ദസ്തിദാര്‍ ചോദിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് കീഴില്‍ വയലുകളില്‍ ജോലി ചെയ്യുന്ന നിരവധി സ്ത്രീകളുണ്ട്, എന്നാല്‍ അവരുടെ ശമ്പളം ഇതുവരെ നല്‍കിയിട്ടില്ല. ഐഎസ്ആര്‍ഒയിലെയും ഐഐടികളിലെയും ഗവേഷകര്‍ക്കും ശാസ്ത്ര പ്രവര്‍ത്തകര്‍ക്കും അവരുടെ ശമ്പളം നിഷേധിക്കപ്പെടുന്നതായും ദസ്തിദാര്‍ ആരോപിച്ചു.
എന്തുകൊണ്ടാണ് എന്‍ഡിഎ സഖ്യത്തിന് ഈ ബില്‍ കൊണ്ടുവരാന്‍ ഇത്രയധികം സമയമെടുത്തതെന്നും ടിഎംസി എംപി ഉന്നയിച്ചു. ‘എന്തുകൊണ്ട് 2014ല്‍ തന്നെ ഈ ബില്‍ കൊണ്ടുവന്നില്ല? എന്തിനാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിന് വെറും ആറുമാസം മുമ്പ് ഈ ബില്‍ കൊണ്ടുവരുന്നത്? എന്തുകൊണ്ടാണ് ഡീലിമിറ്റേഷന്‍ ബില്ലുമായി ബന്ധിപ്പിക്കുന്നത്? ഇത് തികച്ചും തെറ്റാണ്’- ദസ്തിദാര്‍ പറഞ്ഞു.