ഗോവ പിടിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ്; സ്ത്രീകള്‍ക്ക് മാസം 5000 രൂപ വാഗ്ദാനം

പനാജി: ഗോവ പിടിക്കാന്‍ തന്ത്രവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. അധികാരത്തിലെത്തിയാല്‍ ഗൃഹലക്ഷ്മി പദ്ധതി നടപ്പാക്കി സംസ്ഥാനത്തെ 3.5 ലക്ഷം കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് 5000 രൂപ നല്‍കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കി. പ്രതിമാസം 5000 രൂപ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് നേരിട്ട് ട്രാന്‍സ്ഫര്‍ ചെയ്ത് നല്‍കും. 1500-2000 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

സംസ്ഥാന ബജറ്റിന്റെ ആറ് ശതമാനം മാത്രമേ ഈ തുക വരുകയുള്ളൂവെന്നും തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കി. ബംഗാളിലും സമാനമായ പദ്ധതി തൃണമൂല്‍ കോണ്‍ഗ്രസ് നടപ്പാക്കിയിരുന്നു. ലഖിര്‍ ഭന്ദര്‍ പദ്ധതിയിലൂടെ പട്ടികജാതി, വര്‍ഗ കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് മാസം 1000 രൂപയും പൊതുവിഭാഗത്തിലെ സ്ത്രീകള്‍ക്ക് 500 രൂപയും നല്‍കുന്നതാണ് പദ്ധതി.

ബംഗാളില്‍ അധികാരം നിലനിര്‍ത്തിയ ശേഷം ദേശീയതലത്തിലേക്ക് ശ്രദ്ധയൂന്നുന്നതിന്റെ ഭാഗമായി ത്രിപുര, ഗോവ തെരഞ്ഞെടുപ്പുകളില്‍ ശക്തമായ പ്രചാരണമാണ് തൃണമൂല്‍ കോണ്‍ഗ്രസ് നടത്തുന്നത്. ഗോവയില്‍ മുന്‍ മുഖ്യമന്ത്രിയടക്കമുള്ള പ്രബല നേതാക്കളെ പാര്‍ട്ടിയിലെത്തിച്ചിരുന്നു. ത്രിപുര തദ്ദേശ തെരഞ്ഞെടുപ്പിലും തൃണമൂല്‍ കോണ്‍ഗ്രസ് ശക്തമായി രംഗത്തുണ്ടായിരുന്നു. കോണ്‍ഗ്രസിനെ ഒഴിവാക്കി ദേശീയതലത്തില്‍ യുപിഎക്ക് ബദല്‍ സൃഷ്ടിക്കുക എന്നതാണ് മമതയുടെ പുതിയ ലക്ഷ്യം.

Top