കൊൽക്കത്ത: കൊവിഡ് വാക്‌സീന്‍ സ്വീകരിക്കുന്നവര്‍ക്ക് ആരോഗ്യമന്ത്രാലയം നല്‍കുന്ന സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നത് ചൂണ്ടിക്കാട്ടി പരാതിയുമായി തൃണമൂൽ കോൺഗ്രസ്. ഈ മാസം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബംഗാളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗിക സംവിധാനങ്ങള്‍ ദുരുപയോഗപ്പെടുത്തുകയാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം സര്‍ക്കാരിന്റെ കോ-വിന്‍ പ്ലാറ്റ്‌ഫോമില്‍ കൂടി പ്രധാനമന്ത്രി പ്രചാരണം നടത്തുന്നത് എത്രയും പെട്ടെന്ന് തടയണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് തൃണമൂല്‍ ആവശ്യപ്പെട്ടു. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരില്‍നിന്ന് ക്രെഡിറ്റ് അടിച്ചെടുക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന് തൃണമൂല്‍ ആരോപിച്ചു.
തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ഘട്ടത്തില്‍ ഔദ്യോഗിക സംവിധാനം ദുരുപയോഗപ്പെടുത്തുകയാണെന്നും പെരുമാറ്റച്ചട്ട ലംഘനമാണിതെന്നും തൃണമൂല്‍ പരാതിയില്‍ പറയുന്നു.