അഗര്‍ത്തല: തൃണമൂല്‍ കോണ്‍ഗ്രസിന്റെ ബംഗാളിലെ യുവജനവിഭാഗം സെക്രട്ടറി സായനി ഘോഷിനെ ത്രിപുരയില്‍ വധശ്രമക്കേസില്‍ അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്റെ യോഗം അലങ്കോലമാക്കാന്‍ ശ്രമിച്ചു എന്ന ബിജെപി പ്രവര്‍ത്തകന്റെ പരാതിയെത്തുടര്‍ന്ന് പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തതിന്റെ പിന്നാലെയാണ് അറസ്റ്റ്.
പാര്‍ട്ടി ദേശീയ സെക്രട്ടറി അഭിഷേക് ബാനര്‍ജിയുടെ സന്ദര്‍ശനത്തിന്റെ തലേന്നാണ് സായനി അറസ്റ്റിലായത്. ശനിയാഴ്ച രാത്രി മുഖ്യമന്ത്രി പങ്കെടുത്ത പൊതുയോഗ സ്ഥലത്ത് എത്തിയ സായനി ‘കളിമാറും’ എന്ന മുദ്രാവാക്യം മുഴക്കിയെന്നാണ് ആരോപണം. ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് എതിരായി തൃണമൂല്‍ മുഴക്കിയ മുദ്രാവാക്യമാണിത്.
ത്രിപുരയില്‍ സമാധാനപരമായ രാഷ്ട്രീയപ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തരുതെന്ന് സുപ്രീം കോടതി അടുത്തിടെ പുറപ്പെടുവിച്ച വിധിയുടെ ലംഘനമാണു സംസ്ഥാനത്തു നടക്കുന്നതെന്ന് അഭിഷേക് ബാനര്‍ജി ആരോപിച്ചു. ഈ മാസം 25ന് സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുകയാണ്.