കൊല്‍ക്കത്ത: ബംഗാളില്‍ തൃണമൂല്‍ നേതാക്കളുടെ അറസ്റ്റിനെതിരെ പ്രതിഷേധിച്ച മുഖ്യമന്ത്രി മമത ബാനര്‍ജിയെ രൂക്ഷമായി വിമര്‍ശിച്ച് കൊല്‍ക്കത്ത് ഹൈകോടതി. ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് കോടതി താക്കീത് നല്‍കി. കോടതി നിര്‍ദ്ദേശപ്രകാരമാണ് സിബിഐ കേസെടുത്തതെന്നും ഹൈക്കോടതി വ്യക്തമാക്കി. നാരദ കേസില്‍ നാല് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവിലാണ് കോടതിയുടെ പരാമര്‍ശം.
ജാമ്യം അനുവദിച്ച സിബിഐ പ്രത്യേക കോടതി ഉത്തരവിനെതിരെ സിബിഐ നല്‍കിയ ഹര്‍ജി അടിയന്തിരമായി പരിഗണിച്ചായിരുന്നു ഹൈക്കോടതി നടപടി. മുഖ്യമന്ത്രി മമതാ ബാനര്‍ജി നടത്തിയ ധര്‍ണ സമരത്തെ ഹൈക്കോടതി നിശിതമായി വിമര്‍ശിച്ചു. രാഷ്ട്രീയനേതാക്കള്‍ പ്രതികളാകുമ്പോള്‍ ജനക്കൂട്ടത്തെ ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ഭയപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഇത്തരം പ്രതിഷേധം അനുവദിച്ചാല്‍ ജനങ്ങള്‍ക്ക് കോടതിയിലുള്ള വിശ്വാസം ഇല്ലാതാകുമെന്നും കൊല്‍ക്കത്ത ഹൈക്കോടതി വിലയിരുത്തി.