ഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗിനെതിരെ തൃണമൂല്‍ എംപിമാരുടെ പ്രതിഷേധം. ഗിരിരാജ് സിംഗിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ടിഎംസി വനിതാ എംപിമാര്‍ പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധിച്ചു.
കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ (KIFF) 29-ാമത് എഡിഷനില്‍ മമത ബാനര്‍ജി നൃത്തം ചെയ്തിരുന്നു. ചടങ്ങില്‍ സല്‍മാന്‍ ഖാന്‍, സോനാക്ഷി സിന്‍ഹ, മഹേഷ് ഭട്ട്, അനില്‍ കപൂര്‍, ശത്രുഘ്‌നന്‍ സിന്‍ഹ എന്നിവര്‍ക്കൊപ്പമാണ് മമത നൃത്തം ചെയ്തത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. പിന്നാലെയാണ് സിംഗ് വിമര്‍ശനവുമായി രംഗത്തുവന്നത്. ”മമത ആഘോഷിക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്നു, ഇത് അനുചിതമാണ്. ഫെസ്റ്റിവലില്‍ മമത നൃത്തം ചെയ്യേണ്ടതുണ്ടോ?” ഗിരിരാജ് ചോദിച്ചു.
തൊട്ടുപിന്നാലെ കേന്ദ്രമന്ത്രിയുടെ പരാമര്‍ശത്തിന് തൃണമൂല്‍ കോണ്‍ഗ്രസ് മറുപടി നല്‍കി.”അധികാരത്തെ വെല്ലുവിളിച്ച് അധികാരത്തിലിരിക്കുന്ന ഒരു സ്ത്രീയെ ഉള്‍ക്കൊള്ളാന്‍ ബിജെപി നേതാക്കള്‍ക്ക് ബുദ്ധിമുട്ടാണെന്ന് വ്യക്തമാക്കുന്നതാണ് ഈ പരാമര്‍ശം. ലിംഗവിവേചനത്തില്‍ മുങ്ങിനില്‍ക്കുന്ന അവരുടെ പൗരാണിക മനോഭാവം ഇതിലൂടെ പ്രകടമാണ്”- ടിഎംസി പറഞ്ഞു.