തൃണമൂല്‍ എം.എല്‍.എയുടെ കൊലപാതകം; മുകുള്‍ റോയിയുടെ അറസ്റ്റിൽ ഞെട്ടി ബിജെപി

കൊല്‍ക്കത്ത: ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എയുടെ കൊലപാതകത്തിന് പിന്നില്‍ വന്‍ രാഷ്ട്രീയ അജണ്ടയെന്ന് സൂചന. കൊലപാതകം നടത്തിയത് ബി.ജെ.പിയാണെന്ന് തൃണമൂല്‍ ആരോപിച്ചതിന് പിന്നാലെയാണ് തൃണമൂല്‍ വിട്ട് ബിജെപിയിലെത്തിയ മുന്‍ എംപി കൂടിയായ മുകുള്‍ റോയിയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ബംഗാള്‍ സര്‍ക്കാരും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള തര്‍ക്കം രൂക്ഷമായ വേളയിലാണ് തൃണമൂല്‍ എം.എല്‍.എയുടെ കൊലപാതകം നടന്നത്. തൃണമൂലിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നായിരുന്നു ബി.ജെ.പിയുടെ പ്രതികരണം. എന്നാല്‍ സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം മുകുള്‍ റോയിയെ പ്രതിചേര്‍ത്തതോടെ ബി.ജെ.പി. വെട്ടിലായി. കൊലപാതകക്കേസില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മുകുള്‍ റോയിയെയും പൊലീസ് കേസില്‍ പ്രതിചേര്‍ത്തത്.

ഏറെ വിവാദമായ ശാരദ ചിട്ടിഫണ്ട് കേസില്‍ മുകുള്‍ റോയിയും നേരത്തെ പ്രതിയായിരുന്നു. എന്നാല്‍ കഴിഞ്ഞവര്‍ഷം ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ അന്വേഷണം നിലച്ച അവസ്ഥയിലാണ്. മുഖ്യമന്ത്രി മമതാ ബാനര്‍ജി അടക്കമുള്ളവര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിനെതിരേയും ബി.ജെ.പിക്കെതിരേയും വിമര്‍ശനമുന്നയിച്ചിരുന്നത്. മുകുള്‍ റോയിയെ കൊലപാതകക്കേസില്‍ പ്രതിചേര്‍ത്തതോടെ ബംഗാള്‍ സര്‍ക്കാരും ബി.ജെ.പിയും തമ്മിലുള്ള പുതിയ അങ്കത്തിന് തുടക്കമാവു മെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത് .

Top