കൊച്ചി: ട്രിപ്പിള്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ചെല്ലാനം പഞ്ചായത്തില്‍ റാപിഡ് റെസ്‌പോണ്‍സ് ടീമിനെ നിയോഗിക്കാന്‍ തീരുമാനമായി. കളക്ടര്‍ എസ് സുഹാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വീഡിയോ കോണ്‍ഫറന്‍സിലാണ് തീരുമാനം. പൊലീസ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, വില്ലേജ് ഓഫീസര്‍ എന്നിവര്‍ ടീമിന്റെ ഭാഗമാകും. അധ്യാപകര്‍, വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമാകും. പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന ഉദ്യോഗസ്ഥരെയും ഇതിനായി നിയോഗിക്കും.
പഞ്ചായത്തിലുള്ളവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ചു കിലോഗ്രാം അരിയുടെ വിതരണം നാളെ ആരംഭിക്കും. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് റേഷന്‍ എത്തിച്ചുനല്‍കാന്‍ നടപടികള്‍ സ്വീകരിക്കും. പ്രദേശത്തെ ആരോഗ്യ കാര്യങ്ങള്‍ക്കായി പ്രത്യേക മൊബൈല്‍ ടീമിനെ നിയോഗിക്കും.
മരുന്നുകള്‍ ആവശ്യമുള്ളവര്‍ ടെലി മെഡിസിന്‍ സംവിധാനവുമായി ബന്ധപ്പെട്ടാല്‍ മരുന്നുകള്‍ എത്തിച്ചു നല്‍കാനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.