തിരുവനന്തപുരം: സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ പ്രഖ്യാപിച്ച ട്രിപ്പിള്‍ലോക്ക്ഡൗണ്‍ തിങ്കളാഴ്ച രാവിലെ 6 മുതല്‍ പ്രാബല്യത്തില്‍ വരും. ആളുകള്‍ വീട്ടില്‍ തന്നെ കഴിയണമെന്ന് ഡിജിപി അറിയിച്ചു. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കുമെങ്കിലും ജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല. പകരം സാധനങ്ങള്‍ വേണ്ടവര്‍ പൊലീസിനെ അറിയിച്ചാല്‍ വീട്ടിലെത്തിക്കും. പൊലീസിന്റെ ഈ സേവനത്തിന് ഒരു നമ്പര്‍ പ്രസിദ്ധീകരിക്കും.
മെഡിക്കല്‍ സാറ്റോറില്‍ പോകണമെങ്കില്‍ കൃത്യമായ സത്യവാങ്മൂലം വേണമെന്നും ഡിജിപി അറിയിച്ചു. ട്രിപ്പിള്‍ ലോക്ക്ഡൗണില്‍ മെഡിക്കല്‍ ഷോപ്പ്, അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ എന്നിവ മാത്രം തുറക്കും. എല്ലാ ആശുപത്രികളും പ്രവര്‍ത്തിക്കും. പൊലീസ് ആസ്ഥാനം പ്രവര്‍ത്തിക്കും. മുഖ്യമന്ത്രിയുടെ ഓഫിസ് പ്രവര്‍ത്തനം ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍. പൊതു ഗതാഗതം ഉണ്ടാവില്ല. പ്രധാന റോഡുകള്‍ അടയ്ക്കും. നഗരത്തിലേക്ക് പ്രവേശന കവാടവും പുറത്തേയ്ക്കും ഒരു വഴി.
സിറ്റി, വികാസ്ഭവന്‍, പേരൂര്‍ക്കട, പാപ്പനംകോട്, തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോകള്‍ അടച്ചിടും. കോടതികള്‍ പ്രവര്‍ത്തിക്കില്ല. ജാമ്യം ഉള്‍പ്പെടെ അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങള്‍ ഓണ്‍ലൈന്‍ വഴി പരിഗണിക്കും. ജില്ലയില്‍ ഞായറാഴ്ച 22 പേര്‍ക്ക് സമ്പര്‍ക്കംവഴി കോവിഡ് സ്ഥിരീകരിച്ചതോടെയാണ് കര്‍ശന നടപടികള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ജില്ലയില്‍ ഞായറാഴ്ച മാത്രം രോഗം സ്ഥിരീകരിച്ചത് 27 പേര്‍ക്കാണ്.