മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ വീണ്ടും അവതരിപ്പിച്ചു ; എതിര്‍പ്പുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ആദ്യത്തെ ബില്ലായി മുത്തലാഖ് നിരോധന ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. ബില്ലിനെ കോണ്‍ഗ്രസ് സഭയില്‍ എതിര്‍ത്തു. മുത്തലാഖ് ക്രിമിനല്‍ കുറ്റമാകുന്ന ബില്ലാണ് അവതരിപ്പിക്കുന്നത്. മുസ്ലീം സ്ത്രീകളുടെ സംരക്ഷണമാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്നും കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

സര്‍ക്കാറിന്റെ ഉദ്ദേശശുദ്ധിയില്‍ സംശയമുണ്ടെന്നും മുസ്ലീം പുരുഷന്മാരെ മാത്രം ക്രിമിനലുകളാക്കുന്നതാണ് ബില്ലെന്നും കോണ്‍ഗ്രസ് സഭയില്‍ വാദിച്ചു. മുസ്ലീം സ്ത്രീകള്‍ക്ക് ഉന്നമനമുണ്ടാക്കുന്നതല്ല ബില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു.ബില്‍ മുസ്ലീം പുരുഷന്മാരെ വേട്ടയാടാനുള്ളതാണെന്നും മുസ്ലീം പുരുഷന് സമാനമായ രീതിയില്‍ ഹിന്ദു ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെടുന്ന പുരുഷന്മാര്‍ക്ക് സമാനമായ ശിക്ഷ ലഭിക്കാത്ത പക്ഷം ഇത് വിവേചനപരമാണന്ന് ഒവൈസിയും പറഞ്ഞു.

അ​തേ​സ​മ​യം, ബി​ല്‍ ദു​രു​പ​യോ​ഗം ചെ​യ്യാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കോൺഗ്രസിനു വേണ്ടി സംസാരിച്ച ശ​ശി ത​രൂ​ര്‍ എം​പി​ വിശദീകരിച്ചു. മറ്റു മതങ്ങളിലെ പുരുഷന്മാരും ഭാര്യമാരെ ഉപേക്ഷിക്കാറുണ്ട്. നടപടിക്രമങ്ങളിൽ പ്രത്യേക പരിരക്ഷ ബില്ലിൽ ഇല്ല. ബിൽ സ്റ്റാൻഡിങ് കമ്മിറ്റിക്കു വിടുകയാണ് വേണ്ടത്. പക്ഷഭേദം വ്യക്തമായി ഉറപ്പിക്കുന്ന ബില്ലാണിത്. – തരൂർ വിശദീകരിച്ചു.

കഴിഞ്ഞ ഡിസംബറില്‍ മുത്തലാഖ് ബില്‍ ലോക്‌സഭ പാസാക്കിയിരുന്നു. എന്നാല്‍ രാജ്യസഭയില്‍ ബില്‍ പാസാക്കിയിരുന്നില്ല. മൂന്ന് തലാഖ് ചൊല്ലി വിവാഹം വേര്‍പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കി വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍.

മുത്താലാഖും, നിഖാഹ് ഹലാലയും സാമൂഹ്യ വിപത്താണെന്ന് ഇന്നലെ നയപ്രഖ്യാപനത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 22 ന് മുത്തലാഖ് നിരോധിച്ചുകൊണ്ട് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിനെത്തുടര്‍ന്നായിരുന്നു ബില്‍ കൊണ്ടുവന്നത്.

Top