മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍, സുപ്രീം കോടതിയെ സമീപിക്കുമെന്ന് സംഘടനകള്‍

ന്യൂഡെല്‍ഹി: തുടര്‍ച്ചയായി മൂന്ന് തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നത് നിയമവിരുദ്ധമായി കണക്കാക്കുന്ന മുത്തലാഖ് ബില്‍ ചൊവ്വാഴ്ച രാജ്യസഭ പരിഗണിക്കും.ബില്‍ ലോക്‌സഭ നേരത്തെ പാസാക്കിയിരുന്നു. കുറ്റം തെളിഞ്ഞാല്‍ മൂന്നുവര്‍ഷം തടവും പിഴയും വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍.

ജാമ്യമില്ലാത്ത ക്രിമിനല്‍ കുറ്റമായി മുത്തലാഖിനെ പരിഗണിക്കുന്നത് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. ബില്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാമെന്ന വാദമാണ് മുസ്ലീം വ്യക്തിനിയമ ബോര്‍ഡിനുള്ളത്. രാജ്യസഭ കൂടി ബില്‍ പാസാക്കിയാല്‍ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് മുസ്ലീം സംഘടനകള്‍.

ലോക്‌സഭയില്‍ ബില്‍ പരിഗണിച്ചപ്പോള്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന അഭിപ്രായം ഇടതുപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ടികള്‍ മുന്നോട്ടുവച്ചിരുന്നു.

തൃണമൂല്‍ മാത്രമാണ് നിലവില്‍ പ്രതിപക്ഷനിരയില്‍ ബില്ലിനെ അനുകൂലിക്കുന്ന നിലപാട് സ്വീകരിക്കുന്നത്. മറ്റ് പ്രതിപക്ഷ പാര്‍ടികള്‍ യോജിച്ച് എതിര്‍ത്താല്‍ ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകും.

എന്‍ഡിഎയ്ക്ക് മൃഗീയ ഭൂരിപക്ഷമുള്ള ലോക്‌സഭയില്‍ ശബ്ദവോട്ടോടെ ബില്‍ പാസാക്കാന്‍ സാധിച്ചെങ്കിലും രാജ്യസഭയില്‍ ബിജെപിക്ക് ഭൂരിപക്ഷമില്ല. ഈ സാഹചര്യത്തില്‍ ബില്‍ നിലവിലെ രൂപത്തില്‍ രാജ്യസഭയില്‍ പാസാകുമോ എന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് അവ്യക്തതയുണ്ട്. ബില്ലിനെ പൂര്‍ണമായി എതിര്‍ക്കുന്നില്ലെങ്കിലും ബില്ലിലെ ശിക്ഷാകാലയളവുള്‍പ്പെടെ ചില കാര്യങ്ങളില്‍ കടുത്ത വിയോജിപ്പ് കോണ്‍ഗ്രസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു.

സഭയുടെ നടപ്പുസമ്മേളനത്തില്‍ തന്നെ ബില്‍ പാസാക്കിയെടുക്കണമെങ്കില്‍ ചെറുകക്ഷികളെ ഒപ്പം കൂട്ടുക എന്നതാണ് സര്‍ക്കാരിന് മുന്നിലുള്ള ഏക വഴി. ബില്ലിനെ ലോകസഭയില്‍ എതിര്‍ത്ത എഐഎഡിഎംകെ, ബിജു ജനതാദള്‍ കക്ഷികളുമായി സര്‍ക്കാര്‍ നേരത്തെ അനുരഞ്ജന ചര്‍ച്ചകള്‍ നടത്തിയിരുന്നു.

Top