മുത്തലാഖ് വിവാഹമോചനം; ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി അടുത്ത വര്‍ഷം മാര്‍ച്ചിലേക്ക് മാറ്റി

ഡല്‍ഹി: മുത്തലാഖ് ചൊല്ലിയുള്ള വിവാഹമോചനം ക്രിമിനല്‍ കുറ്റമാക്കിയ നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് അടുത്ത വര്‍ഷം മാര്‍ച്ചിലേക്ക് മാറ്റി. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്റെയാണ് നടപടി. നിയമം ചോദ്യം ചെയ്തു കേരളത്തില്‍ നിന്നടക്കമുള്ള ഹര്‍ജികളാണ് കോടതിക്ക് മുന്നിലുള്ളത്. മുത്തലാഖ് ഭരണഘടന വിരുദ്ധമെന്നും ഏകാധിപത്യപരമെന്നും ഇസ്ലാമിന് നിരക്കുന്നതല്ലെന്നും സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നിയമം കൊണ്ടുവന്നതെന്നാണ് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ നിലപാട് അറിയിച്ചത്.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, ജംഇയ്യത്തുല്‍ ഉലമ ഹിന്ദ്, തമിഴ്നാട് മുസ്ലിം അഭിഭാഷക അസോസിയേഷന്‍ എന്നീ സംഘടനകളും സയ്യിദ് ഫാറൂഖ് എന്ന വ്യക്തിയും മുത്തലാഖ് നിയമത്തെ ചോദ്യം ചെയ്ത് നേരത്തെ രംഗത്തെത്തിയിരുന്നു.

മുത്തലാഖിലൂടെയുള്ള വിവാഹമോചനം സുപ്രീം കോടതി അസാധുവാക്കിയതാണ്. ഈ വിധിക്കുശേഷം, മുത്തലാഖിലൂടെയുള്ള വിവാഹമോചനത്തിനു സാധുതയില്ല. ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയശേഷവും വിവാഹബന്ധം നിലനില്‍ക്കുന്നു എന്നതാണ് സ്ഥിതി.

Top