ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യത്തെ ബില്ലായ മുത്തലാഖ് ബില്ലിനെ ലോക്‌സഭയില്‍ എതിര്‍ക്കുന്ന കാര്യത്തില്‍ വീണ്ടും പിഴച്ച് മുസ്ലിം ലീഗ്. കോണ്‍ഗ്രസ്, ആര്‍എസ്പി, എഐഎംഐഎം അംഗങ്ങള്‍ക്കൊപ്പം സംസാരിക്കാന്‍ ശ്രമിച്ച ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ അഭ്യര്‍ത്ഥന സ്പീക്കര്‍ ഓം ബിര്‍ള തള്ളികളയുകയായിരുന്നു. സംസാരിക്കാന്‍ സമയം തേടി സമയത്ത് കത്ത് നല്‍കാത്തതാണ് സ്പീകര്‍ അനുമതി നിഷേധിക്കാന്‍ കാരണമാക്കിയത്.
മുത്തലാഖ് ബില്‍ വെള്ളിയാഴ്ച സഭയില്‍ അവതരിപ്പിക്കുന്നകാര്യം എംപിമാര്‍ക്ക് നേരത്തെ അറിയാമായിരുന്നു. അതനുസരിച്ച് സംസാരിക്കേണ്ട എംപിമാര്‍ക്ക് സ്പീക്കര്‍ കത്തുനല്‍കുകയും ചെയ്തിരുന്നു. ശശി തരൂര്‍, എന്‍ കെ പ്രേമചന്ദ്രന്‍, അസദുദ്ദീന്‍ ഉവൈസി എന്നിവര്‍ക്കൊപ്പം സംസാരിക്കാന്‍ കുഞ്ഞാലിക്കുട്ടി എഴുന്നേറ്റെങ്കിലും സ്പീക്കര്‍ അനുമതി നല്‍കിയില്ല. നേരത്തെ വിവരമറിയിച്ച എല്ലാവര്‍ക്കും അവസരം നല്‍കിയെന്നും സ്പീക്കര്‍ വ്യക്തമാക്കി.
കഴിഞ്ഞ ഡിസംബറില്‍ ലോക്‌സഭയില്‍ മുത്തലാഖ് ബില്‍ ചര്‍ച്ചയും വോട്ടെടുപ്പും നടന്നപ്പോള്‍ കുഞ്ഞാലിക്കുട്ടി സഭയില്‍ എത്താത്തത് വന്‍ വിവാദത്തിന് ഇടയാക്കിയിരുന്നു. മുത്തലാഖ് ചര്‍ച്ചയില്‍ പങ്കെടുക്കാതെ വിവാഹ പാര്‍ട്ടിയില്‍ പങ്കെടുത്തതിലൂടെ കുഞ്ഞാലിക്കുട്ടി മുസ്ലിം സമുദായത്തെ വഞ്ചിച്ചെന്ന ആക്ഷേപവുമായി ഐഎന്‍എല്ലും ഇടതുപക്ഷവും രംഗത്തെത്തിയിരുന്നു. ചര്‍ച്ചക്ക് എത്താതെ ഒരു വ്യവസായ പ്രമുഖന്റെ മകന്റെ വിവാഹത്തില്‍ അദ്ദേഹം പങ്കെടുത്തത് വിവാദമായതിനെ തുടര്‍ന്ന്, അണികള്‍ക്കും നേതാക്കള്‍ക്കും ബുദ്ധിമുട്ടുണ്ടായതില്‍ കുഞ്ഞാലിക്കുട്ടി ഖേദപ്രകടനം നടത്തുകയും ചെയ്തു.
അതേസമയം, സഭയില്‍ സംസാരിക്കാന്‍ കഴിയാതിരുന്നതിനെത്തുടര്‍ന്ന് വാര്‍ത്താ സമ്മേളനം വിളിച്ചാണ് മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കിയത്. രാജ്യസഭയില്‍ മുത്തലാഖ് ബില്‍ പാസാകാതിരിക്കാന്‍ തന്ത്രം മെനയുമെന്നാണ് കുഞ്ഞാലിക്കുട്ടി പറയുന്നത്. ഒരു വിഭാഗം ജനങ്ങളെ ശത്രുപക്ഷത്തു നിര്‍ത്തുന്നതാണ് ബില്‍ എന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.