ഉത്തര്‍പ്രദേശ്: ഒരു മാസത്തോളം ആഹാരവും വെള്ളവുമില്ലാതെ അടച്ചിട്ട മുറിയില്‍. ഉത്തര്‍പ്രദേശില്‍ മുത്തലാഖിന് ഇരയായ സ്ത്രീ മരിച്ചു. ബേര്‍ലി സ്വദേശിയായ റാസിയയാണ് ഭര്‍ത്താവിന്റെ കൊടും പീഡനത്തെ തുടര്‍ന്ന് മരണപ്പെട്ടത്.
ഫോണിലൂടെയാണ് റാസിയയുടെ ഭര്‍ത്താവ് നഹീം തലാഖ് ചൊല്ലിയത്. തുടര്‍ന്ന് ഒരു മുറിയില്‍ പൂട്ടിയിട്ട ഇവര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കാന്‍ ഇവരുടെ ഭര്‍ത്താവ് തയ്യാറായില്ല. സ്ത്രീധന പ്രശ്‌നത്തെ തുടര്‍ന്നാണ് ഇവരെ നഹീം തലാഖ് ചൊല്ലിയതെന്നാണ് വിവരം. മരിച്ച സ്ത്രീക്ക് ആറു വയസ്സുള്ള ഒരു കുട്ടിയുണ്ട്.
തലാഖിനു ശേഷം റാസിയയെ വീട്ടില്‍ അടച്ചിട്ട് നഹീം ബന്ധു വീട്ടിലേക്ക് പോകുകയായിരുന്നു. പിന്നീട് താന്‍ വന്നപ്പോഴാണ് ഇത്തരമൊരു സംഭവം നടന്ന കാര്യം അറിയുന്നതെന്നും ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിച്ചതായും റാസിയയുടെ സഹോദരി പറഞ്ഞു.
ലക്‌നൗ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് റാസിയ മരണപ്പെടുന്നത്. ആദ്യം ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിച്ചെങ്കിലും റാസിയയുടെ മോശം അവസ്ഥയെ തുടര്‍ന്ന് അവരെ ലക്‌നൗ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
റാസിയയുടെ ഭര്‍ത്താവ് നഹീം തന്റെ ആദ്യ ഭാര്യയോടും ഇത്തരത്തില്‍ ക്രൂരത കാണിച്ചിരുന്നതായി എന്‍ ജി ഒ സംഘാടകരായ മേറ ഹഖും, ഫര്‍ഹാത് നഖ്വിയും മാധ്യമങ്ങളോട് പറഞ്ഞു.