ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയ ഓര്‍ഡിനന്‍സ് ചോദ്യം ചെയ്തുള്ള സമസ്തയുടെ ഹര്‍ജി സുപ്രീംകോടതി തളളി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഓര്‍ഡിനന്‍സില്‍ ഇടപെടാനാകില്ലെന്നും ബില്‍ നിയമം ആയാല്‍ അപ്പോള്‍ നോക്കാമെന്നും കോടതി അറിയിച്ചു.
സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയും മൌലികാവകാശങ്ങളും ലംഘിക്കുന്നതാണ് ഓര്‍ഡിനന്‍സെന്നായിരുന്നു സമസ്തയുടെ വാദം.
മുസ്ലീം സ്ത്രീകളെ മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹമോചനം നേടുന്ന രീതി സുപ്രീംകോടതി നേരത്തെ റദ്ദാക്കിയിരുന്നു. ഇതിന് ശേഷമാണ് മുത്തലാഖ് ക്രിമിനല്‍കുറ്റം ആക്കുന്ന തരത്തില്‍ കേന്ദ്രം നിയമം കൊണ്ടുവരാന്‍ ശ്രമിക്കുന്നത്.
നേരത്തെ മുത്തലാഖ് ബില്ല് രാജ്യസഭ പാസാക്കിയില്ലെങ്കില്‍ വീണ്ടും ഓര്‍ഡിനന്‍സ് കൊണ്ടു വരുമെന്ന് പാര്‍ലമെന്ററികാര്യ സഹമന്ത്രി വിജയ് ഗോയല്‍ പറഞ്ഞിരുന്നു. രാജ്യസഭ വീണ്ടും ബില്ല് പരിഗണിക്കാനിരിക്കെയാണ് അന്ന് മന്ത്രി സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.