മറ്റു മതങ്ങള്‍ക്ക് ബാധകമല്ലാത്ത നിയമം മുസ്ലീമിനു മേല്‍ അടിച്ചേല്‍പ്പിക്കേണ്ട . .

മുത്തലാഖ് വിഷയത്തില്‍ സി.പി.എമ്മിനെതിരെ ശക്തമായ കടന്നാക്രമണം നടത്തുന്ന സംഘ പരിവാര്‍ നടപടിക്കെതിരെ വിശദീകരണവുമായി പാര്‍ട്ടി നേതൃത്വം രംഗത്ത്. മുത്തലാഖ് സമ്പ്രദായത്തെ ഒരു കാരണവശാലും അംഗീരിക്കുന്ന പ്രശ്‌നമില്ലെന്ന് പാര്‍ട്ടി കേന്ദ്ര കമ്മറ്റി വ്യക്തമാക്കി.

ഒരു ഹിന്ദുവോ ക്രിസ്ത്യാനിയോ ഭാര്യയെ ഉപേക്ഷിച്ചാല്‍ അവര്‍ക്കെതിരെ കേസില്ല, എന്നാല്‍ ഭര്‍ത്താവ് മുസ്ലീമായാല്‍ മൂന്നു വര്‍ഷം തടവ്, ഇതെന്ത് ഏര്‍പ്പാടാണെന്നാണ് സി.പി.എമ്മിന്റെ ചോദ്യം.

ഇത്തരം പക്ഷപാതപരമായ ബില്ലിലെ വ്യവസ്ഥ അംഗീകരിക്കാന്‍ കഴിയാതിരുന്നത് കൊണ്ടു മാത്രമാണ് വിവേചനത്തിനെതിരെ പാര്‍ലമെന്റില്‍ നിലപാട് സ്വീകരിച്ചതെന്ന് സി.പി.എം വ്യക്തമാക്കുന്നു.

ലോകസഭയില്‍ മുത്തലാഖ് സമ്പ്രദായത്തെ ഒരു എം.പി പോലും അനുകൂലിച്ചിട്ടില്ലെന്ന് നിയമമന്ത്രി തന്നെ വ്യക്തമാക്കിയിട്ടും സംഘപരിവാര്‍ ആരോപണം തുടരുന്ന പശ്ചാത്തലത്തിലാണ് സി.പി.എം വിശദീകരണം.

ബില്ലിനെ എതിര്‍ക്കാനുണ്ടായ കാരണമായി സി.പി.എം ചൂണ്ടിക്കാണിക്കുന്ന ഒന്‍പതു കാര്യങ്ങള്‍ ഇവയൊക്കെയാണ്

1) സുപ്രീംകോടതി ഭരണഘടനാബെഞ്ചിന്റെ ഭൂരിപക്ഷവിധിപ്രകാരം ഇന്ത്യയില്‍ മുത്തലാഖിന് നിയമസാധുതയില്ല. ഈ സാഹചര്യത്തില്‍ മുത്തലാഖ് നിയമവിരുദ്ധമായി പ്രഖ്യാപിക്കാന്‍ ബില്ലിന്റെ ആവശ്യമില്ല.

2) മുത്തലാഖ് ചൊല്ലുന്നത് ക്രിമിനല്‍കുറ്റമായി പരിഗണിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിട്ടില്ല.

3) വിവാഹം എന്നത് പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികള്‍ തമ്മിലുള്ള സിവില്‍ കരാറാണ്. ഈ കരാറിന്റെ ലംഘനത്തെ ക്രിമിനല്‍ കുറ്റമായി കാണുന്നത് ശരിയല്ല. ഹിന്ദു, ക്രിസ്ത്യന്‍ ഉള്‍പ്പെടെ മറ്റ് വിവാഹനിയമങ്ങളില്‍ കരാര്‍ ലംഘനം ക്രിമിനല്‍ കുറ്റമല്ല. മുസ്ലിം വിഭാഗത്തെ മാത്രം ശിക്ഷിക്കാന്‍ വ്യവസ്ഥ ചെയ്യുന്നത് വിവേചനമാണ്.

4) നിലവില്‍ രാജ്യത്ത് 23.7 ലക്ഷം സ്ത്രീകള്‍ വിവാഹബന്ധത്തില്‍നിന്ന് അകന്നുകഴിയുന്നുണ്ട്. ഇവരില്‍ 19 ലക്ഷം പേരും ഹിന്ദുക്കളാണ്. 2.8 ലക്ഷം പേര്‍ മാത്രമാണ് മുസ്ലിങ്ങള്‍. നിയമവിധേയമായല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്ന മുസ്ലിം പുരുഷനെ ശിക്ഷിക്കാന്‍ വെമ്പല്‍ കൊള്ളുന്ന സര്‍ക്കാര്‍ സമാനമായ കൃത്യം ചെയ്യുന്ന ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജയിന്‍ വിശ്വാസികളായ പുരുഷന്മാരുടെ കാര്യത്തില്‍ മൗനം പാലിക്കുന്നു.

5) മുത്തലാഖ് ചൊല്ലുന്ന മുസ്ലിം ഭര്‍ത്താവിന് മൂന്ന് വര്‍ഷം തടവുശിക്ഷ നല്‍കണമെന്ന് അനുശാസിക്കുകയും അതേസമയംതന്നെ ഭാര്യക്കും മക്കള്‍ക്കും അയാള്‍ ജീവനാംശം കൊടുക്കണമെന്ന് പറയുകയും ചെയ്യുന്നത് പ്രായോഗികമല്ല. ജയിലില്‍ കിടക്കുന്ന ആള്‍ക്ക് എങ്ങനെ ചെലവിനു കൊടുക്കാന്‍ പറ്റും?

6) ജീവനാംശം നല്‍കുന്ന കാര്യത്തില്‍ കൃത്യമായ വ്യവസ്ഥകള്‍ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

7) പ്രതിക്ക് ജാമ്യം കിട്ടാന്‍ കഠിനമായ വ്യവസ്ഥയാണ് പുതുക്കിയ മുത്തലാഖ് ബില്ലില്‍. എതിര്‍പക്ഷത്തിന്റെ വാദംകേട്ടശേഷമേ ജാമ്യകാര്യത്തില്‍ മജിസ്‌ട്രേട്ട് തീരുമാനം എടുക്കാവൂ എന്ന വ്യവസ്ഥ ദീര്‍ഘമായ ജയില്‍വാസത്തിന് കാരണമായേക്കും.

8) ബന്ധപ്പെട്ട ആരുമായും ചര്‍ച്ച നടത്താതെയാണ് സര്‍ക്കാര്‍ ബില്‍ കൊണ്ടുവന്നത്. കഴിഞ്ഞ വര്‍ഷം ഇതേ രീതിയില്‍ തിരക്കിട്ട് ലോക്‌സഭ പാസാക്കിയ ബില്‍ രാജ്യസഭയില്‍ പാസാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതേതുടര്‍ന്ന് ഓര്‍ഡിനന്‍സ് ഇറക്കുകയും പുതുക്കിയ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുകയുമായിരുന്നു. ബില്‍ കുറ്റമറ്റതാക്കാന്‍ പാര്‍ലമെന്റിന്റെ സംയുക്തസമിതിക്ക് വിടണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.

9) രാജ്യത്ത് വര്‍ഗീയധ്രുവീകരണം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മോഡി സര്‍ക്കാര്‍ മുത്തലാഖ് ബില്‍ കൊണ്ടുവന്നിരിക്കുന്നത്.

ഈ ഒന്‍പതു കാരണങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ഈ ബില്ലിനെ എതിര്‍ത്തതെന്ന് ചൂണ്ടിക്കാണിക്കുന്ന സി.പി.എം രാജ്യസഭയിലും ഇതേ നിലപാട് തന്നെയാണ് സ്വീകരിക്കുകയെന്നും വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാറിന് രാജ്യസഭയില്‍ ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തില്‍ മുത്തലാഖ് ബില്‍ പരാജയപ്പെടാനാണ് സാധ്യത. മുന്‍പ് പലവട്ടം രാജ്യസഭയില്‍ മോദി സര്‍ക്കാറിന്റെ രക്ഷക്ക് എത്തിയ അണ്ണാ ഡി.എം.കെ, ബിജു ജനതാദള്‍, ടി.ആര്‍.എസ് എന്നീ പാര്‍ട്ടികള്‍ ഈ ബില്ലില്‍ സര്‍ക്കാര്‍ നിലപാടിനൊപ്പമല്ല എന്നതും ശ്രദ്ധേയമാണ്.

Political reporter

Top