വരുംദിവസങ്ങളില്‍ കൊവിഡ് രോഗികള്‍ കൂടിയാല്‍ കണ്ണൂര്‍ ജില്ലയില്‍ ട്രിപ്പിള്‍ലോക്ക്ഡൗണ്‍

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ കൊവിഡ് തീവ്രബാധിത മേഖലകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നടപ്പിലാക്കാന്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന ശരാശരിയുടെ ഇരട്ടിപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ച കണ്ണൂരില്‍ സ്ഥിതി ഗുരുതരമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. രോഗികളുടെ എണ്ണം കൂടുമ്പോഴും ജനങ്ങള്‍ക്ക് ജാഗ്രതയില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍. ധര്‍മ്മടത്തെ 22 അംഗ കൂട്ടുകുടുംബത്തിലെ 13 പേര്‍ക്കും അവര്‍ വഴി രണ്ടുപേര്‍ക്കും കൊവിഡ് ബാധിച്ചത് സര്‍ക്കാര്‍ ഗൗരവായാണ് കാണുന്നത്.

തലശ്ശേരി മാര്‍ക്കറ്റില്‍ മീന്‍ വില്‍പ്പനക്കാരനായ കുടുംബാംഗത്തില്‍ നിന്നായിരുന്നു ഇവര്‍ക്കെല്ലാം കൊവിഡ് ബാധിച്ചത്. മാര്‍ക്കറ്റിലേക്ക് മീനുമായി ചെന്നൈയില്‍ നിന്നെത്തിയ ട്രക്ക് ഡ്രൈവറില്‍ നിന്നാകാം ഇയാള്‍ക്ക് രോഗം പകര്‍ന്നത് എന്ന അനുമാനത്തിലാണ് ആരോഗ്യവകുപ്പ്. ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മാര്‍ക്കറ്റ് പൂര്‍ണമായും അടച്ചു. കണ്ണൂരില്‍ ചികിത്സയിലുള്ള 93 കൊവിഡ് രോഗികളില്‍ 25ലേറെ പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. 25 തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ നിലവില്‍ കൊവിഡ് ഹോട്ട്‌സ്‌പോട്ടുകളാണ്. വരുന്ന രണ്ടുദിവസം പത്തിലേറെ രോഗികള്‍ ഉണ്ടായാല്‍ ജില്ലയില്‍ നിരോധനാജ്ഞപ്രഖ്യാപിക്കും.

Top