തൃപ്തി ദേശായിയെ തടയാന്‍ സര്‍ക്കാര്‍ നടപടി എടുക്കണം കെ. സുരേന്ദ്രന്‍

k surendran

കൊച്ചി: ശബരിമല തീര്‍ത്ഥാടനത്തിനായി ഇന്ന് രാവിലെ നെടുമ്പാശേരിയിലെത്തിയ തൃപ്തി ദേശായിയുടെ വിഷയത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് ബിജെപി. ആചാര ലംഘനം നടത്താന്‍ ആരെയും അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ പറഞ്ഞു. ആക്ടിവിസ്റ്റുകളെ ശബരിമലയില്‍ പ്രവേശിപ്പിക്കില്ലെന്നും തൃപ്തി ദേശായിയെ തടയാന്‍ സര്‍ക്കാര്‍ നടപടി എടുക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

അതേസമയം തൃപ്തി ദേശായിയെ ശബരിമലയിലേക്ക് മാത്രമല്ല, കൊച്ചിയിലെ ഹോട്ടലിലേക്ക് പോലും പോകാന്‍ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. രാവിലെ 4.45ന് ഇന്റിഗോ വിമാനത്തിലെത്തിയ തൃപ്തി ദേശായിയും മറ്റ് അഞ്ച് സ്ത്രീകളും പുറത്തിറങ്ങാനാവാതെ ഇപ്പോഴും വിമാനത്താവളത്തിനുള്ളില്‍ തന്നെ തുടരുകയാണ്.

ഇതിനിടെ ശബരിമല ദര്‍ശനത്തിനെത്തിയ തൃപ്തി ദേശായിയെ വിമാനത്താവളത്തില്‍ നിന്ന് കൊണ്ടുപോകാനാവില്ലെന്ന് ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ അറിയിച്ചു. തൃപ്തിയെയും സംഘത്തെയും കൊണ്ടുപോകാന്‍ വിമാനത്താവളത്തിലെ പ്രീപെയ്ഡ് ടാക്‌സി ഡ്രൈവര്‍മാര്‍ നേരത്തെ തന്നെ വിസമ്മതം അറിയിച്ചിരുന്നു.

തൃപ്തി ദേശായിക്ക് വിമാനത്താവളത്തില്‍ നിന്ന് പോകാനായി വാഹനം സജ്ജീകരിച്ചിരുന്നില്ല. തനിക്കും ഒപ്പമുള്ള അഞ്ച് സ്ത്രീകള്‍ക്കും താമസവും യാത്രയും അടക്കമുള്ള സംവിധാനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കണമെന്ന് ഇവര്‍ കത്തിലൂടെ ആവശ്യപ്പെട്ടിരുന്നെങ്കിലും പൊലീസ് ഇത് തള്ളിയിരുന്നു.

Top