കൊച്ചി: ശബരിമല ദര്‍ശനത്തിനെത്തിയ തന്റെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചതിനെതിരേ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും കൂട്ടാളികളും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ശബരിമല ദര്‍ശനത്തിന് പൊലീസ് സുരക്ഷ തേടിയാവും ഹൈക്കോടതിയെ സമീപിക്കുന്നത്. ഇക്കാര്യം നിയമ വിദഗ്ധരുമായി അവര്‍ ചര്‍ച്ച ചെയ്തു വരികയാണെന്നാണ് വിവരം.
അതേസമയം ശബരിമല സന്ദര്‍ശിക്കാനെത്തിയ തൃപ്തി ദേശായിയെ തടഞ്ഞുകൊണ്ട് നെടുമ്പാശേരി വിമാനത്താവളത്തിനു മുന്നില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 250പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സമരങ്ങള്‍ നിരോധിച്ച മേഘലയില്‍ പ്രതിഷേധിച്ചതിനാണ് ഇവര്‍ക്കെതിരെ കേസ്.
ശബരിമല തീര്‍ത്ഥാടനത്തിനായി ഇന്ന് രാവിലെ നെടുമ്പാശേരിയിലെത്തിയ തൃപ്തി ദേശായിയെ ശബരിമലയിലേക്ക് മാത്രമല്ല, കൊച്ചിയിലെ ഹോട്ടലിലേക്ക് പോലും പോകാന്‍ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞിരുന്നു. രാവിലെ 4.45ന് ഇന്റിഗോ വിമാനത്തിലെത്തിയ തൃപ്തി ദേശായിയും മറ്റ് അഞ്ച് സ്ത്രീകളും പുറത്തിറങ്ങാനാവാതെ ഇപ്പോഴും വിമാനത്താവളത്തിനുള്ളില്‍ തന്നെ തുടരുകയാണ്.
ഇതിനിടെ ശബരിമല ദര്‍ശനത്തിനെത്തിയ തൃപ്തി ദേശായിയെ വിമാനത്താവളത്തില്‍ നിന്ന് കൊണ്ടുപോകാനാവില്ലെന്ന് ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ പറഞ്ഞിരുന്നു. തൃപ്തിയെയും സംഘത്തെയും കൊണ്ടുപോകാന്‍ വിമാനത്താവളത്തിലെ പ്രീപെയ്ഡ് ടാക്‌സി ഡ്രൈവര്‍മാര്‍ നേരത്തെ തന്നെ വിസമ്മതം അറിയിച്ചിരുന്നു.
തൃപ്തി ദേശായിക്ക് വിമാനത്താവളത്തില്‍ നിന്ന് പോകാനായി വാഹനം സജ്ജീകരിച്ചിരുന്നില്ല. തനിക്കും ഒപ്പമുള്ള അഞ്ച് സ്ത്രീകള്‍ക്കും താമസവും യാത്രയും അടക്കമുള്ള സംവിധാനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കണമെന്ന് ഇവര്‍ കത്തിലൂടെ ആവശ്യപ്പെട്ടിരുന്നെങ്കിലും പൊലീസ് ഇത് തള്ളിയിരുന്നു.