തൃപ്പൂണിത്തുറ സ്ഫോടനം ; ഫയര്‍ ഫോഴ്‌സ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറി

കൊച്ചി: തൃപ്പൂണിത്തുറയില്‍ പടക്കസംഭരണശാലയില്‍ ഉണ്ടായ സ്ഫോടനത്തില്‍ ഫയര്‍ ഫോഴ്‌സ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറി. എക്‌സ്‌പ്ലോസീവ് ആക്ട് പ്രകാരം കുറ്റക്കാര്‍ക്കെതിരെ നടപടി കര്‍ശനമാക്കണമെന്നാണ് ശുപാര്‍ശ. നിയമവിരുദ്ധമായി വെടിമരുന്ന് സൂക്ഷിച്ചതായും സുരക്ഷിതത്വമില്ലാതെ കൈകാര്യം ചെയ്‌തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ബന്ധിപ്പിച്ചവര്‍ക്കെതിരെയും നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഫയര്‍ ഫോഴ്‌സ് ഡയറക്ടര്‍ ജനറല്‍ കെ പദ്മകുമാര്‍ ഐപിഎസാണ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

അതേസമയം കേസില്‍ അറസ്റ്റിലായവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സംഭവത്തില്‍ കൂടുതല്‍ പരിശോധനകള്‍ ഇന്നും തുടരും. തിങ്കളാഴ്ച രാത്രി നാല് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. സംഘാടക സമിതി അംഗങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയും നിലവില്‍ കേസെടുത്തിട്ടുണ്ട്. ഇവരില്‍ പലരും ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. ദേവസ്വം പ്രസിഡന്റ് സജീഷ് കുമാര്‍, സെക്രട്ടറി രാജേഷ്, ട്രഷറര്‍ സത്യന്‍, ജോയിന്റ് സെക്രട്ടറി എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. രാത്രി എട്ടരയോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

തൃപ്പൂണിത്തുറ തെക്കുംഭാഗത്തെ പടക്കസംഭരണശാലയിലേക്ക് എത്തിച്ച വന്‍പടക്കശേഖരം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. പുതിയകാവ് ക്ഷേത്രോത്സവത്തിനായി കൊണ്ടുവന്ന പടക്കങ്ങളാണ് പൊട്ടിത്തെറിച്ചത്. ഒരാള്‍ സംഭവത്തിന് പിന്നാലെയും മറ്റൊരാള്‍ ചികിത്സയിലായിരിക്കെയുമാണ് മരിച്ചത്. മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ ഇന്ന് നടക്കും. ഇതിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള പരിക്കേറ്റവര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. സമീപത്തെ 45 ഓളം വീടുകള്‍ക്കും കേടുപാടുകളുണ്ടായി. ഒരു കിലോമീറ്റര്‍ അകലെവരെ പൊട്ടിത്തെറിയുടെ പ്രകമ്പനമുണ്ടായതായും ഒരു കിലോമീറ്റര്‍ അകലെ വരെ സ്ഫോടന ശബ്ദം കേട്ടതായും പ്രദേശവാസികള്‍ പറഞ്ഞു.

Top